crime

ചെന്നൈയില്‍ ദുരഭിമാനക്കൊല; യുവാവിനെ ഭാര്യ വീട്ടുകാര്‍ വെട്ടിക്കൊന്നു

ഇതര ജാതിയില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ച യുവാവിനെ ഭാര്യയുടെ വീട്ടുകാര്‍ വെട്ടിക്കൊന്നു. ചെന്നൈയിലാണ് സംഭവം. പള്ളിക്കരണൈ അംബേദ്കര്‍ സ്ട്രീറ്റിലെ പ്രവീണ്‍(25) ആണ് മരിച്ചത്. അഞ്ച് പേരടങ്ങുന്ന സംഘമാണ് പ്രവീണിനെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ശര്‍മിയും പ്രവീണും വിവാഹിതരായത്. ജാതിയെ ചൊല്ലിയുള്ള പെൺകുട്ടിയുടെ വീട്ടുകാരുടെ രൂക്ഷമായ എതിർപ്പിനെ അവഗണിച്ചായിരുന്നു വിവാഹം. പെൺകുട്ടിയുടെ സഹോദരൻറെ ഭാഗത്തുനിന്ന് തുടർച്ചയായ ഭീഷണി ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ശര്‍മിയുടെ സഹോദരന്‍ ദിനേശ് മറ്റ് നാല് പേര്‍ക്കൊപ്പം എത്തി പ്രവീണിനെ ആക്രമിക്കുകയായിരുന്നു.

മെക്കാനിക്കായ പ്രവീണിനോട് പള്ളിക്കരണൈ ബാറിന് സമീപം വണ്ടി കേടായതിനാൽ നന്നാക്കാൻ വരണമെന്ന് ഒരാൾ ഫോണിൽ ആവശ്യപ്പെട്ടു. അരിയും വാങ്ങി മടങ്ങി വരാമെന്ന് ശർമ്മിയോട് പറഞ്ഞാണ് പ്രവീൺ ബാറിനടുത്ത് എത്തിയത്. ഇവിടെ കാത്തുനിന്ന പെൺകുട്ടിയുടെ സഹോദരൻ ദിനേശും നാല് സുഹൃത്തുക്കളും ചേർന്ന് പ്രവീണിനെ വെട്ടുകയായിരുന്നു.

കഴുത്തിലും തലയിലും ഗുരുതരമായി പരുക്കേറ്റ യുവാവിനെ ക്രോം പേട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് തന്നെ മരണം സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. പ്രവീണിനെ കൊലപ്പെടുത്തിയ സംഘത്തില്‍ ഉള്‍പ്പെട്ട പെൺകുട്ടിയുടെ സഹോദരൻ ഉൾപ്പെടെ അഞ്ച് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

മൂന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച നടത്തിയ പരിശോധനയിലാണ് ദിനേശ് ഉൾപ്പെടെ അഞ്ചു പേർ പിടിയിലായത്. തുടർച്ചയായി ഭീഷണി ഉണ്ടായിരുന്നതിനാൽ ദിനേശിൻ്റെ കുടുംബത്തിലെ മറ്റാർക്കെങ്കിലും കൊലയിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.

ഏതാനും ദിവസം മുന്‍പ് തമിഴ്​നാട്ടിലെ മധുരയിലും തഞ്ചാവൂരിലും ദുരഭിമാനക്കൊലകള്‍ നടന്നിരുന്നു. വിവാഹമോചിതയായ യുവതിയേയും കാമുകനേയും യുവതിയുടെ സഹോദരന്‍ മധുരയില്‍ വെട്ടിക്കൊന്നു. ഇതരജാതിയില്‍പ്പെട്ട യുവതിയെ വിവാഹം കഴിച്ചതിന് തഞ്ചാവൂരില്‍ ദളിത് യുവാവിനേയും കൊലപ്പെടുത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button