crimekerala

സിദ്ധാർഥന്റെ മരണം :മൂന്ന് പേര്‍കൂടി അറസ്റ്റില്‍; മുഴുവന്‍ പ്രതികളെയും പിടിക്കുമെന്ന് അന്വേഷണസംഘം

വയനാട് പൂക്കോട് വെറ്ററിനറി കോളജിൽ മർദ്ദനത്തിനും ആൾക്കൂട്ട വിചാരണയ്ക്കും പിന്നാലെ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മൂന്നുപേരുടെ കൂടെ അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡിയിൽ ഉണ്ടായിരുന്ന എസ്.എഫ്.ഐ. പ്രവർത്തകരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. സിദ്ധാർഥന്റെ മരണത്തിൽ പ്രതികളായ ആറ് വിദ്യാർഥികളെ കോളജ് സസ്പെൻഡ് ചെയ്തു.

വെറ്ററിനറി കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ, യൂണിയൻ അംഗം ആസിഫ് ഖാൻ, എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. വയനാട് മാനന്തവാടി സ്വദേശികളായ അരുണും അമലും അന്വേഷണ ഉദ്യോഗസ്ഥന് മുൻപാകെ ഇന്നലെ രാത്രി കീഴടങ്ങിയപ്പോൾ ആസിഫ് ഖാനെ വർക്കലയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഭവത്തിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം പത്തായി.

സിദ്ധാർഥനെ മർദ്ദിച്ചതിൽ ഇരുപതോളം പേർ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്നും മുഴുവൻ പ്രതികളെയും ഉടൻ പിടികൂടുമെന്നും അന്വേഷണസംഘം അറിയിച്ചു. കൽപ്പറ്റ ഡിവൈ.എസ്.പി. ടി.എൻ.സജീവന്റെ നേതൃത്വത്തിൽ 24 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ജില്ലാ പൊലീസ് മേധാവി മേൽനോട്ടം വഹിക്കും. ഒരുമാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കുകയാണ് ലക്ഷ്യം.

ആദ്യം അറസ്റ്റിലായ ആറു പേരെയാണ് കോളജ് ഇന്നലെ സസ്പെൻഡ് ചെയ്തത്. ഇതോടെ പ്രതിപട്ടികയിലുള്ള 18 വിദ്യാർഥികളും സസ്പെൻഷനിലായി. വെറ്ററിനറി കോളജിലേക്ക് പ്രതിഷേധവുമായി ബി.ജെ പിയും യൂത്ത് കോൺഗ്രസും മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് മാർച്ചിൽ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button