kerala

കൊല്ലത്ത് സ്കൂട്ടര്‍ യാത്രക്കാരനെ ചവിട്ടി വീഴ്ത്തി; യുവാവ് പിടിയില്‍; ലൈസന്‍സ് റദ്ദാക്കും

തിരക്കേറിയ റോഡില്‍ സ്കൂട്ടർ യാത്രക്കാരനെ ചവിട്ടി വീഴ്ത്തി അപകടമുണ്ടാക്കിയ ബൈക്ക് യാത്രക്കാരനെ കണ്ടെത്തി. കൊല്ലം കടയ്ക്കൽ സ്വദേശി ശ്രീകാന്താണ് പിടിയിലായത്. കഴിഞ്ഞ മാസം പത്തൊന്‍പതിന് കഴക്കൂട്ടത്ത് വെച്ചാണ് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ശ്രീകാന്ത് സ്കൂട്ടർ യാത്രികനെ ചവിട്ടി വീഴ്ത്തിയത്.

സമൂഹമാധ്യമങ്ങളില്‍ ഏറെ പ്രചരിച്ച ദൃശ്യം പൊലീസും മോട്ടര്‍വാഹനവകുപ്പും വിശദമായി അന്വേഷിച്ചപ്പോഴാണ് പ്രതിയെ പിടികൂടാനായത്. കെഎസ്ആർടിസി ബസിന്റെ ഇടതുവശത്തു കൂടി മുന്നില്‍ പോവുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനെ പിന്നാലെയെത്തുന്ന ബൈക്ക് യാത്രികന്‍ ചവിട്ടി താഴെയിടുന്നതാണ് ദൃശ്യം. കഴിഞ്ഞ പത്തൊന്‍പതിന് കഴക്കൂട്ടത്ത് വച്ചാണിത് നടന്നത്. ദൃശ്യങ്ങള്‍ പ്രകാരം ബൈക്കിന്റെ ഉടമസ്ഥന്‍ കടയ്ക്കല്‍ സ്വദേശി ഹരീഷിനെ പൊലീസ് കണ്ടെത്തിയപ്പോള്‍ ഹരീഷല്ല ബൈക്ക് ഒാടിച്ചതെന്ന് മനസിലായി. ഹരീഷിന്റെ സഹോദരന്‍ ശ്രീകാന്താണ് ബോധപൂര്‍വം അപകടമുണ്ടാക്കിയത്. അപകടകരമായ രീതിയിൽ ബൈക്ക് ഓടിച്ചതിനും ബൈക്ക് യാത്രികനെ ചവിട്ടി വീഴ്ത്തിയതിനും മോട്ടോർ വാഹനവകുപ്പ് കേസെടുത്തു. കുടാതെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കാനുമാണ് തീരുമാനം.

ശ്രീകാന്തിനെതിരെ കടയ്ക്കല്‍ പൊലീസില്‍ നേരത്തെയും വിവിധങ്ങളായ കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. കോട്ടയം സ്വദേശിയുടെ കാറിന്റെ ക‌്യാമറയില്‍ പതിഞ്ഞ ദൃശ്യമാണ് ശ്രീകാന്തിനെ കുടുക്കിയത്. അതേസമയം ശ്രീകാന്ത് ആരുടെ വാഹനത്തെയാണ് ചവിട്ടിവീഴ്ത്തിയതെന്ന് വ്യക്തമല്ല. ആരും പരാതിപ്പെട്ടിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button