keralaPolitics

വയനാട്ടില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിക്കും; കണ്ണൂരില്‍ മല്‍സരിച്ചാല്‍ സുധാകരന് അധ്യക്ഷ സ്ഥാനം നഷ്ടമാകും

ലോക്സഭാ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി നിർണ്ണയത്തിനായി കോൺഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ക്ലസ്റ്റർ അടിസ്ഥാനത്തിൽ ചേരും. കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഏഴിന് തീരുമാനമെടുക്കും. കണ്ണൂരിൽ മൽസരിച്ച് വിജയിച്ചാൽ കെ.സുധാകരൻ കെ .പി.സി സി പ്രസിഡന്‍റ് സ്ഥാനം ഒഴിയേണ്ടി വന്നേക്കും.

രാഹുൽ ഗാന്ധിയുടെ വിദേശ സന്ദർശനവും ന്യായ് യാത്രയും ഇന്ത്യ മുന്നണിയുടെ റാലിയും ഒക്കെയായി കോൺഗ്രസിൻറെ സ്ഥാനാർത്ഥി ചർച്ചകൾ വൈകി. ഈ സമയം മറികടക്കാനാണ് ക്ലസ്റ്റർ അടിസ്ഥാനത്തിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ചേരുന്നത്. പിസിസികളെ അഞ്ച് ക്ലസ്റററുകളായി തിരിച്ചിട്ടുണ്ട്. ഇതുപ്രകാരമാണ് അഞ്ച് ദിവസങ്ങളിലായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ചേരുക. ഏഴാം തീയതി ചേരുന്ന ആദ്യ സിഇസിയിൽ കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സ്ഥാനാർത്ഥി പട്ടികയിൽ തീരുമാനമെടുക്കും.

തുടർച്ചയായി മണ്ഡലം മാറുന്നത് തിരിച്ചടിയാകും എന്നതിനാൽ രാഹുൽ ഗാന്ധി വയനാട് തന്നെ മത്സരിക്കും. കെപിസിസി പ്രസിഡണ്ട് കെ സുധാകരന്റെ മണ്ഡലമായ കണ്ണൂരും കഴിഞ്ഞതവണ കൈവിട്ട ആലപ്പുഴയുമാണ് തലവേദന. കണ്ണൂരിൽ സുധാകരൻ തന്നെ മത്സരിച്ചാൽ പ്രശ്നങ്ങളില്ല. പക്ഷേ പിസിസി അധ്യക്ഷ സ്ഥാനം ഒഴിയേണ്ടി വരും. ആലപ്പുഴയിൽ കെസി വേണുഗോപാൽ തയ്യാറായില്ലെങ്കിൽ രാഹുൽ മാങ്കൂട്ടത്തിന്റെ പേരാണ് ഹൈക്കമാൻഡിൻ്റെ പരിഗണനയിലുള്ളത്. പക്ഷേ മുസ്ലീം പ്രാതിനിധ്യം ഉറപ്പിക്കാൻ മറ്റൊരു മണ്ഡലം കണ്ടെത്തണം. ചർച്ചകൾക്കായി കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ ഡൽഹിയിൽ എത്തിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നാളെ എത്തും. സി ഇ സിക്ക് മുൻപായി അനൗദ്യോഗിക ചർച്ചകൾ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button