Crime

52 ദിവസം പ്രായം, ആൺകുഞ്ഞിനെ ഒരു ലക്ഷത്തിന് വിറ്റു, വെള്ളമടിച്ച് അയൽവാസിയോട് പറഞ്ഞു; അച്ഛനും 2 പേരും പിടിയിൽ

തേനി: തമിഴനാട് തേനിയിൽ 52 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വിൽപ്പന നടത്തിയ കേസിൽ അച്ഛൻ ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് തേനി ജില്ലയിലെ ഉപ്പുക്കോട്ടയിലാണ് സംഭവം. അച്ഛനും കുഞ്ഞിനെ വാങ്ങിയ ബോഡിനായ്ക്കന്നൂർ സ്വദേശികളായ ദമ്പതികളുമാണ് അറസ്റ്റിലായത്. തേനി ഉപ്പുക്കോട്ടയിലുള്ള ദമ്പതികൾക്ക് ജൂലൈമാസം 21 നാണ് ആൺകുട്ടി ജനിച്ചത്. കുഞ്ഞിൻറെ അമ്മ ചെറിയ തോതിൽ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണ്. അച്ഛൻ  കൂടുതൽ സമയവും മദ്യലഹരിയിലും. തന്‍റെ കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വിൽപ്പന നടത്തിയതായി അച്ഛൻ മദ്യലഹരിയിലിരിക്കെ സമീപവാസികളിലൊരാളോട് പറഞ്ഞു. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അയൽവാസി പൊലീസിലും ചൈൽഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും ചോദ്യം ചെയ്തു.

മധുരയിലുള്ള ബന്ധുവിന് കുട്ടികളില്ലാത്തതിനാൽ വളർത്താൻ ഏൽപ്പിച്ചുവെന്നാണ് അച്ഛൻ പൊലീസിനോട് ആദ്യം പറഞ്ഞത്.  പോലീസ് മധുരയിലെത്തി പരിശോധന നടത്തിയെങ്കിലും കുഞ്ഞ് അവിടെയില്ലെന്ന് കണ്ടെത്തി. തുടർന്ന് അച്ഛനെ വീണ്ടും വിശദമായി ചോദ്യം ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ബോഡിനായ്ക്കന്നൂർ സ്വദേശിയായ ശിവകുമാറിനും ഭാര്യക്കുമാണ് കുഞ്ഞിനെ കൈമാറിയതെന്ന് കണ്ടെത്തിയത്. വിവാഹം കഴിഞ്ഞ് വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികളില്ലാത്ത ശിവകുമാറിൻറെ ഒരു ബന്ധുവിന് നൽകാനാണ് കുഞ്ഞിനെ വാങ്ങിയത്. പൊലീസ് നടത്തിയ പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും കുഞ്ഞിനെവീണ്ടെടുത്ത് ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. സംഭവവുമായി ബന്ധപ്പെട്ട് കുഞ്ഞിൻറെ അച്ഛനെയും ശിവകുമാർ, ഭാര്യ ഉമാമഹേശ്വരി എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ മൂന്നു പേരെയും റിമാൻഡ് ചെയ്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button