Kerala

മരോട്ടിച്ചുവടിൽ യുവാവിന്‍റെ മൃതദേഹം; പ്രവീണിന്‍റെ ദേഹത്ത് ആഴത്തിൽ മുറിവുകൾ, അടുത്ത് പട്ടികയും വടിയും, ദുരൂഹത

എളമക്കര: കൊച്ചി എളമക്കരക്ക് സമീപം മരോട്ടിച്ചുവടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഇടപ്പള്ളി സ്വദേശി പ്രവീണിനെയാണ് കഴിഞ്ഞ ദിവസം രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രവീണിന്‍റെ മരണം കൊലപാതകമാണോ എന്ന സംശയം പൊലീസിനുണ്ട്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് അന്വേഷണം തുടരുകയാണ്. കൊലപാതകമെന്ന നിഗമനത്തിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പ്രഭാതസവാരിക്കിറങ്ങിയവരാണ് മരോട്ടിച്ചുവട് പാലത്തിന് താഴെ പ്രവീണിന്റെ മൃതദേഹം കണ്ടത്. ദേഹത്ത് ആഴത്തിൽ മുറിവേറ്റിരുന്നു. പട്ടികയും വടിയുമടക്കം ആക്രമണത്തിനുപയോഗിച്ചതെന്ന് സംശയിക്കുന്ന വസ്തുക്കളും സമീപത്ത് നിന്നും കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയിൽ കൊലപാതകമെന്ന് സംശയത്തിലാണ് പോലീസ്. മരണത്തിൽ ദുരൂഹതയുണ്ടെന്നും സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായും കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ജുവനപ്പുടി മഹേഷ് പറഞ്ഞു. പ്രവീണിന്റെ ഫോണ്‍ കോളുകൾ, സാമ്പത്തിക ഇടപാടുകൾ, സുഹൃത്തുക്കൾ എന്നിവയെല്ലാം അന്വേഷണ പരിധിയിലുണ്ട്. ആസൂത്രിതമായ കൊലപാതകമെന്ന നിലയിലാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഇടപ്പളളി സ്വദേശിയെങ്കിലും മരോട്ടിച്ചുവട് പാലത്തിന് സമീപമാണ് പ്രവീണിന്റെ താമസം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button