KeralaNational

അർജുന്റെ കുടുംബത്തിനു സഹായം പ്രഖ്യാപിച്ച് കർണാടക; 5 ലക്ഷം ആശ്വാസധനം അമ്മക്ക് നൽകും

ബെം​ഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിൽ പെട്ട് മരിച്ച മലയാളി ലോറി ഡ്രൈവർ അർജുന്റെ കുടുംബത്തിനു സഹായധനം പ്രഖ്യാപിച്ച് കർണാടക സർക്കാർ. കുടുംബത്തിന് 5 ലക്ഷം രൂപ കർണാടക സർക്കാർ ആശ്വാസധനം നൽകുമെന്നാണ് പ്രഖ്യാപനം. 72 ദിവസം നീണ്ടുനിന്ന തെരച്ചിലിനൊടുവിലാണ് അർജുനെ കണ്ടെത്താനായത്. നിരവധി പ്രതിസന്ധികൾക്കിടയിലും കർണാടക സർക്കാരിന്റേയും കേരളത്തിന്റേയും നിരന്തര ശ്രമങ്ങൾക്കൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.  അതേസമയം, ഗംഗാവലി പുഴയിൽ നിന്നെടുത്ത ലോറിയിൽ നിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചു. ഡിഎൻഎ പരിശോധനയിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഡിഎൻഎ ഫലം വന്ന ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി… ഇപ്പൾ
മൃതദേഹവുമായി നാട്ടിലേക്ക് ആംബുലൻസിൽ പുറപ്പെട്ടു കഴിഞ്ഞു . നാളെ രാവിലെയോടെ മൃതദേഹം വീട്ടിലേക്ക് 8 മണിയോടെ എത്തിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് സഹോദരീ ഭർത്താവ് ജിതിൻ  അറിയിച്ചു.  കർണാടക പൊലീസിലെ സിഐ റാങ്കിൽ ഉള്ള ഉദ്യോഗസ്ഥനാണ് അർജുനുമായെത്തുന്ന  ആംബുലൻസിന്റെ സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. കാർവാർ എംഎൽഎ സതീഷ് സെയിൽ ആംബുലൻസിനെ അനുഗമിക്കുന്നുണ്ട് . മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അനുമതി കിട്ടിയ കാർവാർ എസ്പി എം നാരായണ കൂടി മൃതദേഹത്തെ അനുഗമിക്കുന്നു . ജൂലൈ 16 നാണ് കർണാടകയിലെ ഷിരൂരിൽ നടന്ന മണ്ണിടിച്ചിലിൽ ലോറി ഡ്രൈവറായ അർജുനെ കാണാതായത്. രാവിലെ 8.45 നാണ് ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 4 ദിവസത്തിന് ശേഷം ജൂലൈ 19ന് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ് അർജുനെ കാണാതായെന്ന വാർത്ത ആദ്യമായി പുറത്ത് വന്നത്. മണ്ണിടിച്ചിലിന് ശേഷവും ഷിരൂരിൽ കനത്ത മഴയായതിനാൽ തിരച്ചിൽ ദുഷ്കരമായിരുന്നു. ആദ്യ ഘട്ടത്തിൽ നദിയിൽ തിരച്ചിൽ നടത്തിയെങ്കിലും വെളളമുയർന്നതിനാൽ ഫലപ്രദമായില്ല. പിന്നീട് കരയിലെ മണ്ണിനടിയിലാണ് ലോറിയെന്ന രീതിയിൽ പ്രചാരണമുണ്ടായി. ഇതിന്റെ അടിസ്ഥാനത്തിൽ കരയിലെ മണ്ണിടിഞ്ഞ് വീണിടത്ത് തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ തെരച്ചിൽ നിർത്തി വെച്ചു. പിന്നീട് ഗോവയിൽ നിന്നും ഡ്രഡ്ജറടക്കം എത്തിച്ച് അർജുൻ മിഷൻ പുനരാരംഭിച്ചു. 72 ദിവസങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അർജുന്റെ ലോറി ഗംഗാവലി പുഴയിൽ കണ്ടെത്തിയത്. ക്യാബിനിൽ അഴുകിയ നിലയിൽ മൃതദേഹഭാഗവുമുണ്ടായിരുന്നു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button