National

മാസം 10,000 രൂപ മാത്രം ശമ്പളമുള്ള തൊഴിലാളി, 2 കോടിയുടെ നോട്ടീസയച്ച് ഇൻകം ടാക്സ്

 

പാറ്റ്ന : വെറും പതിനായിരം രൂപ മാത്രം മാസം സമ്പാദിക്കുന്ന തൊഴിലാളിക്ക് ഇൻകം ടാക്സ് ഡിപാർട്മെന്റയച്ചത് രണ്ട് കോടിയുടെ നോട്ടീസ്. ബിഹാറിലെ ​ഗയ ജില്ലയിലുള്ള തൊഴിലാളിക്കാണ് 2 കോടിയിലധികം രൂപയുടെ നോട്ടീസ് വന്നിരിക്കുന്നത്. ഇതോടെ യുവാവും കുടുംബവും വലിയ ആശങ്കയിലാണ്.  ഗയയിലെ കോട്‌വാലി പൊലീസ് സ്റ്റേഷൻ ഏരിയയിൽ താമസിക്കുന്ന രാജീവ് കുമാർ വർമ എന്നയാൾക്കാണ് രണ്ട് കോടി രൂപയുടെ നോട്ടീസ് അയച്ചത്. അത്, തന്നെയും കുടുംബത്തെയും ഞെട്ടിച്ചെന്നും ദുരിതത്തിലാക്കി എന്നുമാണ് രാജീവ് കുമാർ പറയുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇൻകം ടാക്സ് ഡിപാർട്മെന്റ് തുടർച്ചയായി രാജീവിന്റെ വീട് സന്ദർശിക്കുന്നുണ്ട്. എന്നാൽ, പ്രശ്നം ഇതുവരെ പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.  താനൊരു തൊഴിലാളിയാണ്, ഈ ജീവിതകാലം മുഴുവനും ജോലി ചെയ്താലും തനിക്ക് രണ്ട് കോടി രൂപ ഉണ്ടാക്കാൻ സാധിക്കില്ല എന്നും രാജീവ് കുമാർ പറയുന്നു. 2015 ജനുവരി 22 -ന് കോർപ്പറേഷൻ ബാങ്കിന്റെ ഗയ ശാഖയിൽ താൻ 2 ലക്ഷം രൂപ സ്ഥിരനിക്ഷേപം നടത്തിയെങ്കിലും 2016 ഓഗസ്റ്റ് 16 -ന് കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് അത് പിൻവലിച്ചതായും അദ്ദേഹം പറഞ്ഞു.  രണ്ട് കോടിയുടെ നോട്ടീസ് വന്നതിന് പിന്നാലെ ഇൻകം ടാക്സ് ഡിപാർട്മെന്റിന്റെ ഓഫീസിൽ ചെന്നിരുന്നു രാജീവ് കുമാർ. ഇത് എന്തെങ്കിലും സാങ്കേതികമായ തകരാർ മൂലം സംഭവിച്ചതായിരിക്കാം. ഒരു അപ്പീൽ നൽകിയാൽ മതി പരിഹരിക്കപ്പെടും എന്നാണ് അവിടെ നിന്നും അറിയിച്ചത്. തുടർന്ന് രാജീവ് കുമാർ അപ്പീലും നൽകി.  അതേസമയം, പിഴയിനത്തിൽ രണ്ടു ദിവസത്തിനകം 67 ലക്ഷം രൂപ നൽകാനാണ് രാജീവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. “ഇൻകം ടാക്സ് എന്നാൽ എന്താണെന്ന് പോലും എനിക്കറിയില്ല, പ്രതിമാസം 10,000 രൂപ സമ്പാദിക്കുന്ന ഒരാൾക്ക് എങ്ങനെ റിട്ടേൺ ഫയൽ ചെയ്യാനാകും” എന്നാണ് രാജീവ് കുമാർ ചോദിക്കുന്നത്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button