ബെയ്റൂട്ടിനെ വിറപ്പിച്ച് ഇസ്രായേൽ; വ്യോമാക്രമണത്തിൽ നസ്റല്ലയുടെ മകൾ കൊല്ലപ്പെട്ടെന്ന് റിപ്പോർട്ട്
ടെൽ അവീവ്: ലെബനനിൽ വ്യോമാക്രമണം കടുപ്പിച്ച് ഇസ്രായേൽ. തെക്കൻ ബെയ്റൂട്ടിൽ കഴിഞ്ഞ ദിവസം നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ ഹിസ്ബുല്ല തലവൻ നസ്റല്ലയുടെ മകൾ സൈനബ് നസ്റല്ല കൊല്ലപ്പെട്ടതായി വിവിധ ദേശീയ-അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇക്കാര്യം സംബന്ധിച്ച് ഇസ്രായേലോ ഹിസ്ബുല്ലയോ ലെബനീസ് അധികൃതരോ പ്രതികരിച്ചിട്ടില്ല. സൈനബ് നസ്രല്ലയുടെ മരണം സ്ഥിരീകരിക്കപ്പെട്ടാൽ ഇസ്രായേലും ഹിസ്ബുല്ലയും തമ്മിലുള്ള നിലവിലെ ഏറ്റുമുട്ടലിന്റെ രൂപവും ഭാവവും മാറിയേക്കാണ് സാധ്യത. കഴിഞ്ഞ ദിവസം ഹിസ്ബുല്ല തലവനായ നസ്രല്ലയെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ബെയ്റൂട്ടിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. നിരവധി കെട്ടിടങ്ങൾ തകർന്നുവീണു. 2 പേർ കൊല്ലപ്പെടുകയും 76 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഹിസ്ബുല്ലയുടെ ആസ്ഥാനം ലക്ഷ്യമിട്ടായിരുന്നു ഇസ്രായേലിന്റെ വ്യോമാക്രമണം. ഹിസ്ബുല്ല തലവനായ നസ്രല്ല ഇവിടെയുണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിലായിരുന്നു ആക്രമണം. വ്യോമാക്രമണം നടക്കുന്ന സമയത്ത് നസ്രല്ല ആസ്ഥാനത്ത് തന്നെ ഉണ്ടായിരുന്നു എന്നാണ് സൂചന. വ്യോമാക്രമണത്തിൽ നസ്‌റല്ല കൊല്ലപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്തിരിക്കാമെന്നാണ് ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗത്തിന്റെ പ്രാഥമിക വിലയിരുത്തൽ. ഇക്കാര്യത്തിലും ഇതുവരെ സ്ഥിരീകരണം ഒന്നും പുറത്തുവന്നിട്ടില്ല.