മുങ്ങിത്താഴാൻ വിട്ടില്ല, ചില്ല് പൊട്ടിച്ച്, പുറത്തെടുത്തു, രാത്രിയിൽ കുളത്തിൽ വീണ കാർ യാത്രക്കാർക്ക് രക്ഷ
മുങ്ങിത്താഴാൻ വിട്ടില്ല, ചില്ല് പൊട്ടിച്ച്, പുറത്തെടുത്തു, രാത്രിയിൽ കുളത്തിൽ വീണ കാർ യാത്രക്കാർക്ക് രക്ഷ
നെടുങ്കണ്ടം: ഷിരൂരിൽ അർജുൻറെ വേർപാട് തീരാനോവായി കേരളക്കരയാകെ പടരുമ്പോൾ, വെള്ളത്തിൽ മുങ്ങി താഴുമായിരുന്ന രണ്ട് ജീവനുകൾ വീണ്ടെടുത്ത് യുവാവ്. ഇടുക്കിയിലാണ് സംഭവം. നെടുങ്കണ്ടം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച വാഹനം പടുതാ കുളത്തിലേയ്ക് വീണപ്പോളാണ് പ്രദേശവാസിയായ ഷിജോമോൻറെ അവസരോചിതമായി ഇടപെട്ട് രണ്ട് ജീവനുകളാണ് രക്ഷിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയാണ് അപകടം നടന്നത്. നെടുംകണ്ടത്ത് നിന്നും തമിഴ് നാട്ടിലെ കമ്പത്തേക്ക് യാത്ര ചെയ്യുകയിരുന്ന പാറത്തോട് സ്വദേശി തുദേഖും ഭാര്യ രമയും സഞ്ചരിച്ചിരുന്ന വാഹനമാണ് കുളത്തിലേക്ക് വീണത്. കമ്പംമെട്ടിന് സമീപത്തു വെച്ച് ഇവർ സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട് സമീപത്ത് വെള്ളം നിറഞ്ഞു കിടന്നിരുന്ന പടുതാകുളത്തിലേയ്ക്ക് വീഴുകയായിരുന്നു. കടയടച്ച് വീട്ടിലേയ്ക് പോവുകയായിരുന്ന പ്രദേശവാസി വിജയൻറെ കൺമുൻപിലാണ് അപകടം നടന്നത്. സമയം ഒട്ടും പാഴാക്കാതെ കുളത്തിലിറങ്ങിയ ഷിജോമോൻ കാറിൻറെ പുറകിലത്തെ ഗ്ലാസ് കൈ കൊണ്ട് ഇടിച്ചു പൊട്ടിച്ചു. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ തുദേഖിനെ എളുപ്പത്തിൽ പുറത്തെടുക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. ഈ സമയത്തെത്തിയ ബൈക്ക് യാത്രികനായ യുവാവ് വെള്ളത്തിൽ ഇറങ്ങി സീറ്റ് ബെൽറ്റ് മാറ്റി തുദേഖിനെയും പുറത്തെത്തിച്ചു. സംഭവമറിഞ്ഞ ഉടൻ തന്നെ കമ്പംമെട്ട് പൊലീസും നാട്ടുകാരുമെത്തി. കാറിൽ നിന്ന് പുറത്തെടുത്ത രണ്ടു പേരെയും പൊലീസ് വാഹനത്തിൽ തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്. രക്ഷാ പ്രവർത്തനത്തിനായി ഗ്ലാസ് പൊട്ടിച്ചതിനാൽ ഷിജോമോന്റെ കൈയിൽ സാരമായി മുറിവേറ്റിട്ടുണ്ട്. അപകടം നടന്ന് മിനിറ്റുകൾക് ഉള്ളിൽ രക്ഷാ പ്രവർത്തനം നടത്താനായതാണ് ദമ്പതികൾക്ക് തുണയായത്.