വാഴൂർ: കോട്ടയം വാഴൂരിൽ ചെത്തു തൊഴിലാളിയെ കല്ലു കൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അയൽവാസിയായ യുവാവ് അറസ്റ്റിൽ. ചാമംപതാൽ സ്വദേശി ബിജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ അപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം വൈകീട്ട് നാലരയോടെ വെള്ളാറപ്പള്ളി മാരാംകുന്ന് റോഡിലായിരുന്നു സംഭവം. കൊല്ലപ്പെട്ട ബിജുവുമായുള്ള മുൻവൈരാഗ്യത്തെ തുടര്‍ന്നാണ് പ്രതി അപ്പു കൃത്യം ചെയ്തതെന്നാണ് പൊലീസ് നിഗമനം. ഇയാൾ മദ്യലഹരിയിലായിരുന്നെന്നും സംശയമുണ്ട്. തെങ്ങു ചെത്താനായി സൈക്കിളിൽ പോകുകയായിരുന്ന ബിജുവിനെ പ്രതി തടഞ്ഞ് നിര്‍ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു. ആക്രമണം തടുക്കാനായി ബിജു ശ്രമിച്ചപ്പോൾ സമീപമുണ്ടായിരുന്ന കരിങ്കലുപയോഗിച്ച് പ്രതി മര്‍ദ്ദിച്ചു. തലയ്ക്കടിയെറ്റ ബിജു നിലത്ത് ബോധരഹിതനായി വീണ് രക്തം വാര്‍ന്ന് മരിച്ചു. ഈ സമയം പ്രതി ഓടി രക്ഷപ്പെടുകയും ചെയ്തു. പ്രതി അപ്പുവിനെ അറസ്റ്റ് ചെയ്ത പൊലീസ് ഇന്ന് കോടതിയിൽ ഹാജരാക്കും.