Kerala

സിദ്ദിഖ് എവിടെ, പൊലീസ് ഇരുട്ടിൽ; മുൻകൂർ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും, മുന്നിൽ 2 സാധ്യതകൾ


കൊച്ചി: ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ നടൻ സിദ്ദിഖ് ഇപ്പോഴും കാണാമറയത്ത്. ആറാം ദിവസവും സിദ്ദിഖിനായുള്ള അന്വേഷണം എവിടെയുമെത്തിയില്ല. സിദ്ദിഖ് ഒളിവിൽ കഴിയുന്നതിൽ ഉന്നതരുടെ പങ്കുണ്ടെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അതേസമയം സിദ്ദിഖിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന്  സുപ്രീംകോടതി പരിഗണിക്കും.സിദ്ദിഖിന് ഒളിവിൽ കഴിയാൻ കൊച്ചിയിലെ പല ഉന്നതരും തണലൊരുക്കിയെന്ന് കാര്യം പ്രത്യേക അന്വേഷണ സംഘം  സുപ്രീം കോടതിയിൽ വാദമായി ഉന്നയിക്കും.   മേൽക്കോടതിയിലെ കേസ് നടത്തിപ്പിൽ സുപ്രീം കോടതിയിൽ നിന്നും നേരിട്ടേക്കാവുന്ന വിമർശനങ്ങൾ ഒഴിവാക്കാനാണ് തിരക്കിട്ട നടപടി. നിയമം അനുസരിക്കുന്ന വ്യക്തിയെന്ന്  സിദ്ദിഖ് സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്. എന്നാൽ ഇക്കാര്യം ലംഘിച്ച് എന്ത് കൊണ്ട് സിദ്ദിഖ് ഒളിവിൽ പോയെന്നത് അന്വേഷണസംഘം കോടതിയിൽ ഉന്നയിക്കും. സിദ്ദിഖിനെതിരെ സുപ്രീംകോടതിയിൽ ശക്തമായ വാദത്തിന് തയ്യാറെടുക്കുകയാണ് സർക്കാർ. അതിനിടെ സിദ്ദിഖിന്റെ മകൻ ഷഹീന്റെ സുഹൃത്തുക്കളെ അന്വേഷണ സംഘം കഴിഞ്ഞ ദിവസം ചോദ്യം ചെയ്തു. ദ്ദിഖിനെ ഒളിവിൽ സഹായിച്ചെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സുഹൃത്തുക്കളെ കസ്റ്റഡിയിലെടുത്തതെന്നും സിദ്ദിഖിന് സിം കാർഡും ഡോങ്കിളും എത്തിച്ചത് ഇവരാണെന്നും അന്വേഷണ സംഘം പ്രതികരിച്ചു.  സിദ്ദിഖ് സിം കാർഡുകൾ മാറി മാറി ഉപയോഗിക്കുന്നുണ്ട്. ഇതേകുറിച്ച് ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തത്. നിലവിൽ ഷഹീന്റെ രണ്ട് സുഹൃത്തുക്കളെയും വിട്ടയച്ചു. വീണ്ടും വിളിപ്പിക്കുമെന്നും അന്വേഷണം സംഘം അറിയിച്ചു.   ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന സിദ്ദിഖിന്‍റെ മകൻ ഷഹീൻ്റെ സുഹൃത്തുക്കളും കൊച്ചി സ്വദേശികളുമായ നാഹി, പോൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. എട്ട് മണിക്കൂർ പിന്നിട്ടിടും ഇവരെ പറ്റി വിവരം ഇല്ലാത്തതിനാൽ കുടുംബം കൊച്ചി സിറ്റി പൊലീസിന് പരാതി നൽകിയിരുന്നു .എന്നാൽ വൈകീട്ടോടെ പ്രത്യേക അന്വേഷണ സംഘം ഇവരെ ചോദ്യം ചെയ്ത് വിട്ടയച്ചു.  സിദ്ദിഖിന്റെ ഫോൺ ഇപ്പോഴും സ്വിച്ച്ഡ് ഓഫാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ  കഴിഞ്ഞ തിങ്കളാഴ്ച മുതൽ കൊച്ചിയിൽ തന്നെ വിവിധ ഇടങ്ങളിലായാണ് നടൻ ഒളിവിൽ കഴിയുന്നതെന്നാണ് പുറത്ത് വരുന്ന വിവരം. സിദ്ദിഖിന്റെ ജാമ്യത്തെ എതിർക്കാനുള്ള വാദങ്ങൾ  സംസ്ഥാന സർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടിയാകും വാദിക്കുക.  ഇത് വരെയുള്ള അന്വേഷണവിവരങ്ങൾ ക്രൈം ബ്രാ‍ഞ്ച് എസ് പി മെറിൻ ജോസഫും, സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കൗൺസിൽ നിഷേ രാജൻ ഷൊങ്കറും ഐശ്വര്യ ഭാട്ടിയെ നേരിൽ കണ്ട് ധരിപ്പിച്ചു. ജസ്റ്റിസ് മാരായ ബേല എം ത്രിവേദി, സതീഷ് ചന്ദ്ര ശർമ്മ എന്നിവർ അടങ്ങിയ ബെഞ്ചാണ്  സുപ്രീംകോടതിയിൽ കേസ് പരിഗണിക്കുക. രണ്ട് സാധ്യതകളാണ് കോടതിയിൽ നിന്ന് പ്രോസിക്യൂഷൻ പ്രതീക്ഷിക്കുന്നത്. ഹൈക്കോടതി രൂക്ഷ വിമർശനം ഉയർത്തിയ കേസിൽ പ്രതിയുടെ അറസ്റ്റ് വൈകുന്നതിനെ വിമർശിച്ച് ഹർജി തള്ളിയേക്കാം. ഇല്ലെങ്കിൽ സിദ്ദിഖിന്റെ പുതിയ വാദങ്ങൾ കൂടി പരിശോധിച്ച് നിശ്ചിത ദിവസത്തേക്ക് അറസ്റ്റ് തടയുകയോ, ഇരുവിഭാഗങ്ങളോടും സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെടുകയോ ചെയ്യാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button