Crime

‘കൊച്ചിയിൽ 22 കാരിയെ 75 കാരൻ പീഡിപ്പിച്ചത് ശീതള പാനീയത്തിൽ മയക്കുമരുന്ന് കലർത്തി’; ശിവപ്രസാദ് റിമാൻഡിൽ

കൊച്ചി: കൊച്ചിയിൽ ഒഡീഷ സ്വദേശിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിയായ ശിവപ്രസാദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ദേഹാസ്വാസ്യത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശിവപ്രസാദിനെ ഇന്നലെ  ഉച്ചയ്ക്കാണ് ഡിസ്ചാർജ് ചെയ്തത്. ഇയാൾക്കെതിരെ രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ശിവപ്രസാദ് 28 ദിവസങ്ങൾക്ക് ശേഷമാണ് കൊച്ചി എസിപി ഓഫീസിൽ കീഴടങ്ങിയത്. പിന്നാലെ നെഞ്ച് വേദനയുണ്ടെന്നും ആശുപത്രിയിൽ പോകണമെന്നും പ്രതി പറഞ്ഞതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. തുടർ പരിശോധനകൾക്ക് ശേഷം കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് 75കാരനായ ശിവപ്രസാദിനെ ഡിസ്ചാർജ് ചെയ്തത്. 22 വയസ്സുള്ള, ഒഡീഷ സ്വദേശിയായ വീട്ടുജോലിക്കാരിയെ ശീതളപാനീയത്തിൽ മദ്യം നൽകിയാണ് ഇയാൾ കഴിഞ്ഞ മാസം 15 ആം തിയതി പീഡിപ്പിച്ചത്. സർക്കാർ പൊതുമേഖല സ്ഥാപനങ്ങളിലെ ഉന്നതപദവിയിലിരുന്ന ശിവപ്രസാദിന്റെ സ്വാധീനത്തിൽ അറസ്റ്റ് വൈകുന്നതായി ആക്ഷേപം ഉയർന്നിരുന്നു. ഹോർട്ടികോർപ്പ്, ഫിഷറീസ്, പ്ലാന്റേഷൻ കോർ‍പ്പറേഷൻ എംഡി അടക്കം നിരവധി സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിൽ ഉന്നത പദവിയിലിരുന്ന വ്യക്തിയാണ് ശിവപ്രസാദ്. ബലാത്സംഗത്തിന് ശേഷം ഒളിവിൽ പോയ പ്രതി മുൻകൂർ ജാമ്യാപേക്ഷയുമായി എറണാകുളം ജില്ല സെഷൻസ് കോടതിയെ സമീപിച്ചെങ്കിലും ഹർജി കോടതി തള്ളിയിരുന്നു.   വീട്ടുജോലിക്കാരിയായ യുവതിയെ വൈറ്റിലയിലെ വീട്ടിൽ മറ്റാരുമില്ലാത്ത സമയത്ത് ശീതളപാനീയത്തിൽ മദ്യം നൽകിയായിരുന്നു ഇയാൾ ബലാത്സംഗം ചെയ്തത്. ഇക്കാര്യം യുവതി തന്റെ ബന്ധുവിനെ അറിയിച്ചതോടെയാണ് പൊലീസെത്തി ഇവരെ വീട്ടിൽ നിന്നും പുറത്തെത്തിച്ചത്. മുന്പും തന്നോട് ശിവപ്രസാദ് അപമര്യാദയായി പെരുമാറി എന്ന ഇരയുടെ മൊഴിയെ തുടർന്ന് മറ്റൊരു കേസ് കൂടി ശിവപ്രസാദിന് എതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button