Life StyleNationalSpot lightWorld

50 വർഷം നീണ്ട നിഗൂഢതയ്ക്ക് അവസാനം; പുതിയ രക്ത ഗ്രൂപ്പ് കണ്ടെത്തി ഗവേഷകർ..

വൈദ്യ ശാസ്ത്ര രംഗത്ത് വഴിത്തിരിവാകുന്ന പുതിയ രക്ത ഗ്രൂപ്പ് കണ്ടെത്തി ശാസ്ത്രജ്ഞര്‍. പുതിയ രക്ത ഗ്രൂപ്പുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ഒട്ടേറെ ആരോഗ്യ പ്രശ്നങ്ങൾ പ്രതിരോധിക്കാന്‍ പ്രയോജനകരമാകുമെന്നാണ് ഗവേഷകരുടെ പക്ഷം.

എംഎഎല്‍ (MAL) എന്ന പേരിലാണ് പുതിയ രക്ത ഗ്രൂപ് അറിയപ്പെടുക. എന്‍എച്ച്എസ് ബ്ലഡ് ആന്റ് ട്രാന്‍സ്പ്ലാന്റ് (NHSBT), ബ്രിസ്റ്റോള്‍ സര്‍വകലാശാല എന്നിവിടങ്ങളിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. അമേരിക്കന്‍ സൊസൈറ്റി ഓഫ് ഹെമറ്റോളജിയുടെ ജേണലായ ‘ബ്ലഡി’ലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

1972-ല്‍ കണ്ടെത്തിയ എഎന്‍ഡബ്ല്യുജെ(AnWj) ആന്റിജനിൽ നടത്തിയ ഗവേഷണമാണ് പുതിയ രക്ത ഗ്രൂപ് കണ്ടെത്തലിലേക്ക് നയിച്ചത്. എഎന്‍ഡബ്ല്യുജെ ആൻ്റിജൻ്റെ ജനിതക ഉറവിടമുൾപ്പടെ തിരിച്ചറിയാനായതാണ് പുതിയ ബ്ലഡ് ഗ്രൂപ്പ് കണ്ടെത്തുന്നതിന് സഹായകമായത്.

പുതിയ രക്തഗ്രൂപ്പുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ഒട്ടേറെ അപൂര്‍വരോഗങ്ങള്‍ പ്രതിരോധിക്കാന്‍ പ്രയോജനകരമാകുമെന്ന് എന്‍എച്ച്എസ്ബിടിയിലെ മുതിര്‍ന്ന ഗവേഷക ലൂയിസ് ടെറ്റലി അഭിപ്രായപ്പെട്ടു.

എല്ലാവരുടെയും ശരീരത്തില്‍ ചുവന്ന രക്താണുക്കളോടൊപ്പം ആന്റിജെന്‍ പ്രൊട്ടീനുകളുണ്ടാകും, പക്ഷെ ചിലരുടെ ശരീരത്തില്‍ ഇതിന്റെ കുറവുണ്ടാകും. ഈ ആന്റിജന്റെ അഭാവമുള്ളവരെ കണ്ടെത്താനുള്ള ജനിതക ടെസ്റ്റാണ് ആദ്യമായി പരീക്ഷിച്ചത്. ഇത്തരം അപൂര്‍വ രക്തഗ്രൂപ്പ് ഉള്ളവരെ കണ്ടെത്താനും രക്തം നല്‍കുമ്പോഴും സ്വീകരിക്കുമ്പോഴും ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാനും ഗവേഷണഫലം ഗുണം ചെയ്യും.

എഎന്‍ഡബ്ല്യുജെ ആന്റിജന്‍ എംഎഎല്‍ രക്തഗ്രൂപ്പിന്റെ ഭാഗമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. 1972 മുതല്‍ ഇതിനെ കുറിച്ച് ഗവേഷണങ്ങള്‍ നടത്തിയിരുന്നു എങ്കിലും പൂര്‍ണമായ വിവരങ്ങള്‍ ലഭിച്ചിരുന്നില്ല. എംഎഎല്‍ രക്തഗ്രൂപ്പിന്റെ കണ്ടെത്തല്‍ എഎന്‍ഡബ്ല്യുജെ നെഗറ്റീവ് വ്യക്തികളെ തിരിച്ചറിയാന്‍ സഹായിക്കുന്നു എന്നതാണ് വൈദ്യശാസ്ത്ര മേഖലയ്ക്ക് പ്രതീക്ഷ നല്‍കുന്നത്.

ജനസംഖ്യയുടെ 99.9 ശതമാനത്തിലേറെയും എഎന്‍ഡബ്ല്യുജെ പോസിറ്റീവ് ആണ്. എഎന്‍ഡബ്ല്യുജെ പോസിറ്റീവായവരുടെ രക്തത്തില്‍ ആന്റിജന്‍ അടങ്ങിയിട്ടുണ്ട്. ഇത്തരക്കാര്‍ എഎന്‍ഡബ്ല്യുജെ നെഗറ്റീവ് രക്തം സ്വീകരിക്കുന്നത് ഗുരുതര പ്രശ്നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്തിരുന്നു. അതിനാല്‍ ഇപ്പോഴത്തെ കണ്ടെത്തല്‍ ആഗോള തലത്തില്‍ പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണാന്‍ സഹായിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button