CrimeKerala

ആശുപത്രിയിൽ വെച്ച് അർദ്ധരാത്രി ഗർഭിണിയെ അസഭ്യം പറഞ്ഞു, ചോദ്യം ചെയ്ത ഭർത്താവ് കുത്തേറ്റ് ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: ഗർഭിണിയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിന്റെ പേരിൽ ഭർത്താവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. വർക്കല താലൂക്ക് ആശുപത്രിയിൽ നടന്ന സംഭവത്തിൽ പത്തനംതിട്ട സ്വദേശി ലിജു ആണ് വർക്കല പൊലീസിന്റെ പിടിയിലായത്. നഗരൂർ സ്വദേശി അക്ബർ ഷായാണ് ആയാളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിൽസയിൽ കഴിയുന്നത്. കഴി‌ഞ്ഞ ദിവസം രാത്രിയാണ് സംഭവം. ഗർഭിണിയായ ഭാര്യയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഭാര്യയെയും കൊണ്ടാണ് അക്ബർ ഷാ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിയത്. യുവതിയെ അവിടെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. രാത്രി പന്ത്രണ്ടരയോടെ കയ്യിൽ മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിയ ലിജു ആശുപത്രി ജീവനക്കാരുമായി വഴക്കിട്ടു. ഇതിനിടെ അക്ബർ ഷായുടെ ഭാര്യയേയും ചീത്ത വിളിച്ചു. അക്ബർ ഷാ ഇത് ചോദ്യം ചെയ്യുകയായിരുന്നു. അപ്പോൾ പുറത്തേക്ക് പോയ ലിജു പിന്നീട് കയ്യിൽ കത്രിക പോലെയുള്ള ആയുധവുമായി തിരികെയെത്തി അക്ബർഷായുടെ നെഞ്ചിലും കയ്യിലും കുത്തുകയായിരുന്നു. ആക്രമണത്തിൽ അക്ബർ ഷായുടെ ശ്വാസകോശത്തിന് മുറിവേറ്റു. ഗുരുതരാവസ്ഥയിലായ അക്ബർഷാ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിനുശേഷം കടന്നുകളയാൻ ശ്രമിച്ച പ്രതിയെ ആശുപത്രി ജീവനക്കാരും നാട്ടുകാരും കൂടി തടഞ്ഞു നിർത്തി പൊലീസിന് കൈമാറുകയായിരുന്നു. വർക്കലക്ഷേത്രം റോഡിലെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് പ്രതി. ചങ്ങനാശ്ശേരി പോലീസിലും ഇയാള്‍ക്കെതിരെ കേസുണ്ട്. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button