Kerala
ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ സ്വകാര്യ ബസ് ഇടിച്ച് അപകടം; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
കൊല്ലം: കൊല്ലം കരുനാഗപ്പള്ളി മാരാരിത്തോട്ടത്ത് വാഹനാപകടത്തിൽ വീട്ടമ്മ മരിച്ചു. കരുനാഗപ്പള്ളി കല്ലേലി ഭാഗത്ത് താമസിക്കുന്ന സുനീറ ബീവിയാണ് മരിച്ചത്. 46 വയസായിരുന്നു. സുനീറയും ഭർത്താവും സഞ്ചരിച്ച സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. കൊട്ടാരക്കര കരുനാഗപ്പള്ളി റൂട്ടിൽ സർവീസ് നടത്തുന്ന സൊസൈറ്റി ബസാണ് ഇടിച്ചത്. ബസ് മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്കൂട്ടറിൽ ഇടിച്ചതെന്ന് കരുനാഗപ്പള്ളി പൊലീസ് പറയുന്നത്. കരുനാഗപ്പള്ളി കേരള ഫീഡ്സിലെ ജീവനക്കാരിയാണ് സുനീറ. ഭർത്താവ് അബ്ദുസമദിനെ നിസ്സാര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.