KeralaSpot light
കൊച്ചിയിലെത്തിയ വിമാനത്തിൻ്റെ സീറ്റിൽ ഒരു ടിഷ്യു പേപ്പർ; എഴുതിയത് വായിച്ചപ്പോൾ പരിഭ്രാന്തി: ഭീഷണി സന്ദേശം
കൊച്ചി: കൊച്ചിയിലെത്തിയ എയർ ഇന്ത്യ വിമാനത്തിൽ ബോംബ് ഭീഷണി. രാവിലെ 8.45 ന് ദില്ലിയിൽ നിന്നെത്തിയ എയർ ഇന്ത്യ വിമാനത്തിൻ്റെ സീറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ടിഷ്യു പേപ്പറിലാണ് ബോംബ് വെയ്ക്കുമെന്ന് ഭീഷണി സന്ദേശം ഉണ്ടായിരുന്നത്. രാവിലെ 8.45 ന് കൊച്ചിയിലെത്തിയ വിമാനം പിന്നീട് 9.30 ന് തിരികെ ദില്ലിക്ക് പോകേണ്ടതായിരുന്നു. എന്നാൽ ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ വിമാനത്തിലും വിമാനത്താവളത്തിലും വിശദമായ പരിശോധന നടത്തി. പ്രോട്ടോക്കോൾ പ്രകാരം നടത്തിയ പരിശോധനയിൽ സംശയകരമായി യാതൊന്നും ലഭിച്ചില്ല. തുടർന്ന് പകൽ 11 മണിയോടെയാണ് വിമാനം ദില്ലിക്ക് പുറപ്പെട്ടത്. സംഭവത്തിന് പിന്നാലെ ടിഷ്യു പേപ്പറിൽ ഭീഷണി സന്ദേശം എഴുതിവെച്ചയാൾക്കായി അന്വേഷണം തുടങ്ങി. വിമാനത്തിൽ ദില്ലിയിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.