ഇന്ത്യൻ എ ടീമിനെ വീഴ്ത്തി അഫ്ഗാൻ യുവനിര എമര്‍ജിങ് ഏഷ്യാ കപ്പ് ഫൈനലിൽ; തോൽവി 20 റൺസിന്
മസ്കത്ത്: എമര്‍ജിങ് ടീംസ് ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ കശാശക്കളിയിൽ ശ്രീലങ്ക-അഫ്ഗാനിസ്താൻ എ ടീമുകൾ ഏറ്റുമുട്ടും. വെള്ളിയാഴ്ച അമീറാത്ത് ക്രിക്കറ്റ് അകാദമിക്ക് സ്റ്റേഡിയത്തിൽ നടന്ന സെമിയിൽ ഇന്ത്യൻ എ ടീ മിനെ അഫ്ഗാനിസ്താൻ എ ടീം 20 റൺസിന് കീഴടക്കിയാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. മറ്റൊരു സെമിയിൽ പാകിസ്താൻ എ ടീമിനെ ശ്രീലങ്ക എ ടീം ഏഴ് വിക്കറ്റിനും തോൽപിച്ചു. അമീറാത്ത് ക്രിക്കറ്റ് അക്കാദമി ഗ്രൗണ്ടിൽ ഞായറാഴ്ച വൈകീട്ട് 5.30നാണ് ഫൈനൽ. ഇന്ത്യക്കെതിരെ അഫ്ഗാനിസ്താൻ നാല് വിക്കറ്റ് നഷ്ടത്തിൽ 204 റൺസിന്റെ കൂറ്റൻ സകോറാണ് പടുത്തുയർത്തിയത്. റൺമല പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യക്ക് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 186 റൺസെടുക്കാനെ സാധിച്ചൊള്ളു.രമൺദീപ് സിങ് (34 ബാളിൽ 63), ആയൂഷ് ബദോനി (31), നിശാന്ത് സിന്ധു (23), നെഹാൽ വദേര (20) എന്നിവരൊഴകെ മറ്റുള്ളവർക്കൊന്നും ബാറ്റിങ് നിരയിൽ കാര്യമായ സംഭാവന നൽകാനായില്ല. അവസാന ഓവറുകളിൽ രമൺദീപ് സിങ് നടത്തിയ ചില ഒറ്റപ്പെട്ട പ്രകടനം പ്രതീക്ഷ പകർന്നിരുന്നെങ്കിലും വിജയം എത്തി പിടിക്കാനായില്ല. അഫ്ഗാനിസ്താനുവേണ്ടി ഗസൻഫർ, അബ്ദുൽ റഹ്മാൻ റഹ്മാനി എന്നിവർ രണ്ട് വീതവും, ശറഫൂദ്ധീൻ അശ്റഫ് ഒരു വിക്കറ്റും സ്വന്തമാക്കി. ടോസ് നേടിയ അഫ്ഗാൻ ബാറ്റിങ് തെഞ്ഞെടുക്കുകയായിരുന്നു. ഓപണർമാരായ സുബൈദ് അക്ബരി (41 ബാളിൽ 64), സീദീഖുല്ല അത്താൽ (52 ബാളിൽ 83) റൺസ് എന്നിവരുടെ മിന്നുംപ്രകനമാണ് കൂറ്റൻ സകോർ സമ്മാനിച്ചത്. സ്കോർ ബോർഡിൽ 137 റൺസ് എത്തിയപ്പോളാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. അർധ സെഞ്ച്വറിയുമായി അക്ബരി മടങ്ങുമ്പോൾ അഞ്ച് ഫോറും നാല് സിക്സും അദ്ദേഹം നേടിയിരുന്നു. ആകിബ് ഖാന്റെ പന്തിൽ വിക്കറ്റിന് പിന്നിൽ പ്രഭ്സിമ്രാൻ സിങിന് ക്യാച് നൽകിയാണ് പുറത്തായത്. ഏഴുഫോറും നാല് സിക്സുമായി സെഞ്ച്വറിയലേക്ക് നീങ്ങുകയായിരുന്ന സീദീഖുല്ല അത്താലിനെ റാസിഖ് സലാമാണ് മടക്കിയത്. അവസാന ഓവറുകളിൽ കരീം ജന നടത്തിയ പ്രകടനവും (20 ബാളിൽ 41) സ്കോർ 200 കടക്കാൻ സഹായിക്കുന്നതായി. ഇന്ത്യക്കുവേണ്ടി റാസിഖ് സലാം മൂന്നും ആഖിബ ഖാൻ ഒന്നും വിക്കറ്റെടുത്തു. ആദ്യ സെമിയിൽ പാകിസ്താൻ എ ടീമിനെ ഏഴ് വിക്കറ്റിനാണ് ശ്രീലങ്ക തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസാണ് നേടിയത്. ശ്രീലങ്ക 16.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ വിജയം കാണുകയായിരുന്നു. അഹാൻ വിക്രമസിംഗെ (52) അർധസെഞ്ച്വറി നേടി. നാല് വിക്കറ്റ് നേടിയ ദുഷാൻ ഹേമന്തയാണ് പാക് പടയുടെ നടുവൊടിച്ചത്. നിപുൻ രൻസികയും ഇഷാൻ മലിംഗയും രണ്ട് വീതം വിക്കറ്റ് നേടി. പാകിസ്താനായി ഉമൈർ യൂസുഫ് (68) അർധസെഞ്ച്വറി നേടി.