ചായക്കട കണ്ട് ട്രെക്ക് തിരിച്ചു, വാനുമായി കൂട്ടിയിടി, 4 പേർക്ക് ദാരുണാന്ത്യം, നിരവധിപേർക്ക് പരിക്ക്
സുരേന്ദ്രനഗർ: പിക്കപ് വാനും ട്രെക്കും കൂട്ടിയിടിച്ച് ഒരേ കുടുംബത്തിലെ നാല് സ്ത്രീകൾക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ സുരേന്ദ്ര നഗറിലുണ്ടായ വാഹന അപകടത്തിൽ 16പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. തിങ്കളാഴ്ച രാത്രി 10.30ഓടെയാണ് അപകടമുണ്ടായത്. ഛോട്ടിലയ്ക്ക് സമീപത്ത് വച്ച് 20 യാത്രക്കാരുമായി പോവുകയായിരുന്ന വാൻ ട്രെക്കും കൂട്ടിയിടിക്കുകയായിരുന്നു. ലിബാഡി താലൂക്കിൽ നിന്ന് ഷിയാനിയിൽ നിന്ന് സോമ്നാഥിലേക്ക് പോവുകയായിരുന്ന വാൻ അപകടത്തിൽ പൂർണമായി തകർന്നു. ഇടിയുടെ ആഘാതത്തിൽ മുകൾഭാഗം മറച്ച പിക്കപ്പ് വാനിൽ ഇരുന്നവരിൽ പലരും റോഡിലേക്ക് തെറിച്ച് വീഴുകയും ചെയ്തു.
രണ്ട് പേർ സംഭവ സ്ഥലത്തും രണ്ട് പേർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. എതിർ ദിശയിൽ വരികയായിരുന്ന ട്രെക്ക് പെട്ടന്ന് റോഡ് സൈഡിലെ ചായക്കട കണ്ട് നിർത്താനായി വലത് വശത്തേക്ക് തിരിച്ചതോടെയാണ് വാനുമായി കൂട്ടിയിടിച്ചത്. സോമ്നാഥിൽ വച്ച് പിതൃ തർപ്പണ കർമ്മം അനുഷ്ടിക്കാനായി പോയവരുടെ വാനാണ് അപകടത്തിൽ പെട്ടത്. 65 മുതൽ 72 വയസ് വരെ പ്രായമുള്ളവരാണ് മരിച്ചത്.