Sports

അപ്പന്റെയല്ലേ മോൻ… 34 ഫോറും രണ്ട് സിക്സും, പുറത്താകാതെ ഡബിൾ സെഞ്ചുറിയുമായി തകർത്തടിച്ച് വിരേന്ദ്ര സെവാ​ഗിന്റെ മകൻ

ഷില്ലോങ്: ക്രീസിലും താൻ അച്ഛന്റെ മോൻ തന്നെയെന്ന് അടിവരയിട്ട്  വീരേന്ദർ സെവാഗിൻ്റെ മകൻ ആര്യവീർ സെവാ​ഗ്. മേഘാലയയ്‌ക്കെതിരായ കൂച്ച് ബെഹാർ ട്രോഫി മത്സരത്തിൻ്റെ ഒന്നാം ദിനത്തിൽ ദില്ലിക്ക് വേണ്ടി ഡബിൾ സെഞ്ച്വറിയടിച്ചാണ് ആര്യവീർ താരമായത്. ആര്യവീർ സെവാഗ് പുറത്താകാതെ 200 റൺസെടുത്തപ്പോൾ മേഘാലയയ്‌ക്കെതിരെ ഡൽഹി 208 റൺസിൻ്റെ ലീഡ് നേടി. 34 ഫോറുകളും രണ്ട് സിക്സറുകളും നേടിയാണ് ആര്യവീർ ഡബിളിലെത്തിയത്. മികച്ച പ്രകടനത്തിലൂടെ ദേശീയതലത്തിൽ ക്രിക്കറ്റ് വിദ​ഗ്ധരുടെ ശ്രദ്ധയാകർഷിക്കാനും ആര്യവീറിന് കഴിഞ്ഞു. ഷില്ലോങ്ങിലെ എംസിഎ ക്രിക്കറ്റ് ഗ്രൗണ്ടിലായിരുന്നു 17കാരനായ ആര്യവീറിന്റെ മിന്നും പ്രകടനം. പുറത്താകാതെയാണ് 200 റൺസെടുത്തത്. ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയരായ മേഘാലയയ്ക്ക് ആദ്യ ഇന്നിംഗ്സിൽ 260 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. മറുപടി ബാറ്റിംഗിൽ ആര്യവീറും അർണവ് എസ് ബഗ്ഗയും ചേർന്ന് ഒന്നാം വിക്കറ്റിൽ 180 റൺസ് കൂട്ടിച്ചേർത്തതോടെ ഡൽഹിയുടെ ശക്തമായ അടിത്തറയിട്ടു. ബഗ്ഗയും സെഞ്ച്വറി നേടി . 229 പന്തിലാണ് ആര്യവീറിന്റെ 200 റൺസ്. 91 പന്തിൽ നിന്ന് 98 റൺസുമായി ധന്യ നക്രയും പുറത്താകാതെ നിന്നു. ഈ വർഷം ആദ്യം, വിനു മങ്കാഡ് ട്രോഫിയിൽ മണിപ്പൂരിനെതിരെ ഡൽഹിക്ക് വേണ്ടി അണ്ടർ-19ൽ ആര്യവീർ അരങ്ങേറ്റം  കുറിച്ചിരുന്നു. കന്നി മത്സരത്തിൽ 49 റൺസ് നേടി. ടീം ഇന്ത്യയിലും ഐപിഎല്ലിലും ഇടംപിടിക്കുകയാണ് ആര്യവീറിന്റെ ലക്ഷ്യം.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button