തൃശ്ശൂരിൽ സൂപ്പർ മാർക്കറ്റിന് മുന്നിൽ മൂത്രമൊഴിച്ചതിനെച്ചൊല്ലി തർക്കം; പള്ളിപ്പെരുന്നാളിനെത്തിയ കുടുംബത്തിന് നേരെ ആകമണം
തൃശ്ശൂർ: കുന്നംകുളത്ത് പളളി പെരുന്നാൾ കാണാനെത്തിയ കുടുംബത്തെ സംഘം ചേർന്ന് ആക്രമിച്ചു. മരത്തംകോട് മിനി പെരുന്നാൾ കാണാനെത്തിയ കുടുംബത്തെയാണ് മൂന്ന് യുവാക്കൾ ആക്രമിച്ചത്. കാറിലെത്തിയ സംഘം സൂപ്പർ മാർക്കറ്റിന്റെ മുന്നിൽ മൂത്രമൊഴിക്കുന്നത് യുവാക്കൾ ചോദ്യം ചെയ്തതിനെ തുടർന്നാണ് സംഘർഷമുണ്ടായത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. കാറിലെത്തിയ സംഘത്തിലെ ആളുകൾ മരത്തംകോട് പള്ളിക്ക് മുൻപിലെ ഐഫ സൂപ്പർമാർക്കറ്റിനു മുന്നിൽ മൂത്രമൊഴിക്കുന്നത് യുവാക്കൾ ചോദ്യം ചെയ്തതിനെ തുടർന്നുളള തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. കുടുംബത്തോടൊപ്പം ഉണ്ടായിരുന്ന മൂന്നു യുവാക്കളെയാണ് മൂന്നുപേർ സംഘം ചേർന്ന് ഗുരുതരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചത്. ഇവരോടൊപ്പം ഉള്ള സ്ത്രീകൾക്കും മർദ്ദനമേറ്റതായാണ് വിവരം. പരിക്കേറ്റവർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ തുടർന്ന് കുന്നംകുളം സബ് ഇൻസ്പെക്ടർ ജോർജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി ആക്രമികൾക്കായി അന്വേഷണം ആരംഭിച്ചു.