റേഷൻ കാർഡുടമകളുടെ ശ്രദ്ധയ്ക്ക്; മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് നീട്ടി, ഒക്ടോബർ 25 വരെ സമയമുണ്ട്
തിരുവനന്തപുരം: മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് ഉടമകളുടെ മസ്റ്ററിംഗിനുള്ള സമയം ഒക്ടോബർ 25 വരെ നീട്ടി. മഞ്ഞ, പിങ്ക് കാർഡുകാരുടെ മസ്റ്ററിംഗ് സമയമാണ് പുതുക്കി നിശ്ചയിച്ചത്. നിരവധി പേർ ഇനിയും മസ്റ്ററിംഗ് പൂർത്തിയാക്കാനുണ്ട് എന്നതിനാലാണ് സമയ പരിധി നീട്ടിയത്. സെപ്തംബർ 18ന് തുടങ്ങി ഒക്ടോബർ 8ന് അവസാനിക്കുന്ന വിധത്തിലാണ് നേരത്തെ മുൻഗണനാ കാർഡുടമകളുടെ ബയോ മെട്രിക് മസ്റ്ററിംഗ് തീരുമാനിച്ചിരുന്നത്. എന്നാൽ 80 ശതമാനത്തിനടുത്ത് കാർഡുടമകളുടെ മസ്റ്ററിംഗ് മാത്രമേ പൂർത്തിയായിട്ടുള്ളൂ. 20 ശതമാനത്തിനടുത്ത് പേർ മസ്റ്ററിംഗിന് എത്തിയില്ല. അതുകൊണ്ടാണ് സമയം നീട്ടി നൽകിയത്. മസ്റ്ററിംഗ് സമയം നീട്ടണമെന്ന ആവശ്യം നിയമസഭയിൽ ശ്രദ്ധ ക്ഷണിക്കലിൽ ഉയർന്നിരുന്നു. തുടർന്നാണ് മന്ത്രി ജി ആർ അനിൽ കുമാർ സമയ പരിധി നീട്ടിയെന്ന് അറിയിച്ചത്. സുപ്രിംകോടതി ഉത്തരവനുസരിച്ച് കേന്ദ്ര സർക്കാരിന്‍റെ നിർദേശ പ്രകാരമാണ് മുൻഗണനാ പട്ടികയിലുള്ള മഞ്ഞ, പിങ്ക് റേഷൻ കാർഡുകാരുടെ ഇ-കെവൈസി അപ്ഡേഷൻ തുടങ്ങിയത്. ഒക്ടോബർ 31നകം മസ്റ്ററിംഗ് പൂർത്തിയാക്കാനാണ് കേന്ദ്രം സംസ്ഥാന സർക്കാരിന് നൽകിയ നിർദേശം. ചെയ്തില്ലെങ്കിൽ റേഷൻ വിഹിതം മുടങ്ങുമെന്നും അറിയിപ്പുണ്ട്. റേഷൻ കാർഡും ആധാർ കാർഡുമായി കടകളിൽ നേരിട്ടെത്തിയാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. കാർഡ് ഉടമകൾ നേരിട്ടെത്തി ഇ പോസിൽ വിരൽ പതിപ്പിച്ച് ബയോ മെട്രിക് മസ്റ്ററിംഗ് പൂർത്തിയാക്കണം. എത്തിച്ചേരാൻ കഴിയാത്ത കിടപ്പ് രോഗികൾ, ശാരീരികവും മാനസികവുമായി വെല്ലുവിളി നേരിടുന്നവർ എന്നിവരുടെ പേരു വിവരങ്ങൾ താലൂക്ക് സപ്ലൈ ഓഫീസറെയും റേഷൻ കടയുടമയെയും മുൻകൂട്ടി അറിയിക്കണം.