വിൽപനയ്ക്ക് വച്ച സ്ഥലത്തിന്റെ ചിത്രമെടുത്ത ബ്രോക്കർമാർക്ക് മർദ്ദനം, ഷോക്കേൽപ്പിക്കൽ, സ്ഥല ഉടമകൾ അറസ്റ്റിൽ
മുംബൈ: വീടിന്റെയും സ്ഥലത്തിന്റെയും മുന്നിൽ നിന്ന് ഫോട്ടോയെടുത്ത മൂന്ന് യുവാക്കളെ ക്രൂരമായി മർദ്ദിച്ച് നഗ്നരാക്കി ഷോക്കേൽപ്പിച്ച അക്രമികൾ അറസ്റ്റിൽ. തങ്ങളുടെ വീടിന് മുന്നിൽ നിന്ന് ചിത്രമെടുത്തതിന് പിന്നാലെ ഭാവിയിൽ പണം തട്ടാനുള്ള പരിപാടിയാണെന്ന് ആരോപിച്ചായിരുന്നു മൂന്നംഗ സംഘം പ്രായപൂർത്തിയാകാത്ത ഒരാളടക്കമുള്ള മൂന്ന് പേര് നഗ്നരാക്കി മർദ്ദിച്ചത്. മർദ്ദന ദൃശ്യങ്ങൾ ഇവർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയിലെ ഡിഎൻ നഗർ പൊലീസ് അക്രമികളായ മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. ഒക്ടോബർ 19നായിരുന്നു അക്രമം നടന്നത്. പണം തട്ടുന്നവർക്ക് വിവരം നൽകുന്നവരെന്ന് ആരോപിച്ചായിരുന്നു മർദ്ദനം. റിയൽ എസ്റ്റേറ്റ് ഏജന്റുമാരായ യുവാക്കൾ അന്ധേരിയിൽ ഒരു സൈറ്റ് കാണാനെത്തിയപ്പോഴാണ് മർദ്ദനം നേരിട്ടത്. സൈറ്റിന്റെ ചിത്രങ്ങൾ എടുക്കുമ്പോഴായിരുന്നു ആളുമാറി അക്രമം നേരിട്ടത്. സൈറ്റിന്റെ ഉടമകളാണ് ഇവരെ ക്രൂരമായി ആക്രമിച്ചത്. സമീപത്തെ കടയിലേക്ക് കൊണ്ടുപോയ ശേഷം സ്ഥലം ഉടമകൾ ഇവരെ മർദ്ദിച്ച് അവശരാക്കി. പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ഷോക്കേൽപ്പിക്കുന്നതടക്കമുള്ള ദൃശ്യങ്ങൾ ഇവർ മൊബൈലിൽ പകർത്തുകയും ചെയ്തു. അസഭ്യ പരാമർശത്തോടെ നടന്ന അക്രമ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. വൈദ്യുതാഘാതമേറ്റ കൌമാരക്കാരന്റെ ആരോഗ്യ നില മോശമായതിനാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് യുവാക്കൾ പൊലീസ് സംഹായം തേടിയത്. യുവാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സത്താർ തുറാഖ്, അസീസ് തുറാഖ്, ഫറൂഖ് തുറാഖ് എന്നിവർക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ഐടി ആക്ട് അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ച് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്.