ബജറ്റ് 40 കോടി, ഏഴാം ദിനം നേടിയത് 1 ലക്ഷം! മുതല്‍മുടക്കിന്‍റെ 5 ശതമാനം പോലും നേടാതെ ആ ചിത്രം
സിനിമകളുടെ ഉള്ളടക്കത്തേക്കാള്‍ അവയുടെ ബോക്സ് ഓഫീസ് വിജയം ചര്‍ച്ചയാവുന്ന കാലമാണിത്. വലിയ മുതല്‍മുടക്കുള്ള സിനിമയെന്ന കലയെ സംബന്ധിച്ച് ആ വിലയിരുത്തല്‍ ഒഴിവാക്കാനാവാത്തതുമാണ്. വലിയ വിജയങ്ങള്‍ മാത്രമല്ല, കനത്ത പരാജയങ്ങളും ഇപ്പോള്‍ വാര്‍ത്താപ്രാധാന്യം നേടാറുണ്ട്. ഇന്ത്യന്‍ ബോക്സ് ഓഫീസില്‍ നിലവിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന് ബോളിവുഡില്‍ നിന്നാണ്. അഭിഷേക് ബച്ചനെ നായകനാക്കി ഷൂജിത് സര്‍ക്കാര്‍ സംവിധാനം ചെയ്ത ഐ വാണ്ട് ടു ടോക്ക് എന്ന ചിത്രമാണ് മോശം കളക്ഷന്‍റെ പേരില്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഒരു കാന്‍സര്‍ സര്‍വൈവറുടെ യഥാര്‍ഥ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമാണിത്. അര്‍ജുന്‍ എന്നാണ് അഭിഷേക് ബച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. ഈ മാസം 22 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. റിലീസ് ദിനത്തില്‍ വെറും 25 ലക്ഷമാണ് ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് നേടിയത്. രണ്ടാം ദിനം 55 ലക്ഷവും മൂന്നാം ദിനം 50 ലക്ഷവുമായി ആദ്യ മൂന്ന് ദിനങ്ങളില്‍ 1.30 കോടി മാത്രം. ഏഴാം ദിവസം ചിത്രം നേടിയത് ഒരു ലക്ഷത്തോളം മാത്രമാണെന്ന് കൊയ്മൊയ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരാഴ്ച കൊണ്ട് ചിത്രം നേടിയത് വെറും 1.87 കോടി മാത്രമാണ്. 40 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിതെന്നാണ് പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍. അതായത് ബജറ്റിന്‍റെ 5 ശതമാനം പോലും ചിത്രം ഇതുവരെ കളക്റ്റ് ചെയ്തിട്ടില്ല. ബോക്സ് ഓഫീസില്‍ ഇനി അത്ഭുതങ്ങളൊന്നും നിര്‍മ്മാതാക്കള്‍ പോലും പ്രതീക്ഷിക്കുന്നുമുണ്ടാവില്ല. റൈസിംഗ് സണ്‍ ഫിലിംസ്, കിനോ വര്‍ക്സ് എന്നീ ബാനറുകളില്‍ ഷീല്‍ കുമാര്‍, റോണി ലാഹിരി, കുമാര്‍ താക്കൂര്‍, കരണ്‍ വാധ്വ എന്നിവരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.