ഹെൽമറ്റില്ലാതെ പറപ്പിച്ച് വന്നു, എംവിഡിയെ വെട്ടിച്ച് പോയി; ആർസി ഉടമയെ ഫോണിൽ വിളിച്ചു, പിന്നെയാണ് ട്വിസ്റ്റ്!
പത്തനംതിട്ട: മോഷ്ടിച്ച ഇരുചക്രവാഹനവുമായി പോയ യുവാവിനെ പിന്തുടര്‍ന്ന് പിടികൂടി എംവിഡി. പത്തനാപുരം സ്വദേശിയായ അനീഷ് ഖാൻ (38) ആണ് പിടിയിലായത്. ഇയാളെ അടൂർ പൊലീസിന് കൈമാറി. അടൂർ ഏഴംകുളത്തു വെച്ച് മോട്ടോർ വാഹന വകുപ്പ് പത്തനംതിട്ട എൻഫോഴ്‌സ്‌മെന്‍റ് അടൂർ സ്‌ക്വാഡ് എം വി ഐ ഷമീറിന്‍റെ നേതൃത്വത്തിൽ എ എം വി ഐമാരായ സജിംഷാ, വിനീത് എന്നിവർ വാഹന പരിശോധന നടത്തുകയായിരുന്നു. ഇന്ന് രാവിലെ 10 മണിയോട് കൂടി പ്ലാന്‍റേഷൻ ജംഗ്ഷന് സമീപം ഇവര്‍ വാഹന പരിശോധന നടത്തവേ ഹെൽമെറ്റ് ധരിക്കാതെ ഓടിച്ചു വന്ന ഇരുചക്ര വാഹനം നിർത്താൻ സിഗ്നൽ നൽകിയിട്ടും നിർത്താതെ അപകടകരമായ രീതിയിൽ ഏഴംകുളം ഭാഗത്തേക്ക് ഓടിച്ചു പോവുകയായിരുന്നു. ഇതോടെ എംവിഡി ഉദ്യോഗസ്ഥർ ആര്‍ സി ഉടമയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ ഈ വാഹനം പട്ടാഴി അമ്പലത്തിന് സമീപം വെച്ച് കഴിഞ്ഞ ദിവസം മോഷണം പോയതായും കുന്നിക്കോട് പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നതായും അദ്ദേഹം അറിയിച്ചു. തുടർന്ന് ഈ വാഹനം കണ്ടെത്തുന്നതിനായുള്ള തെരച്ചിലിനൊടുവിൽ ഏഴംകുളം ഭാഗത്തു വെച്ച് അമിത വേഗതയിൽ കൈപ്പറ്റൂർ റോഡിലേക്ക് പോകുന്നത് ശ്രദ്ധയിൽപ്പെട്ടു. ഇതോടെ വാഹനത്തെ പിന്തുടർന്ന് പോയി ഏഴംകുളം എൽ പി സ്കൂളിന് സമീപത്ത് വച്ച് പിടികൂടുകയായിരുന്നു.