BusinessNational

അദാനിക്ക് നൽകാനുള്ളത് 846 മില്യണ്‍ ഡോളര്‍; ബംഗ്ലാദേശിനെ ഇരുട്ടിലാക്കുന്ന പണികൊടുത്ത് കമ്പനി

ധാക്ക: ബംഗ്ലാദേശിനുള്ള അമ്പത് ശതമാനം വൈദ്യുതി വിതരണം വെട്ടിക്കുറച്ച് അദാനി ഗ്രൂപ്പ്. വൈദ്യുതി ചാര്‍ജ് ഇനത്തിൽ 846 മില്യണ്‍ ഡോളര്‍ ബംഗ്ലാദേശ് സര്‍ക്കാര്‍ കുടിശ്ശികയാക്കിയതിന് പിന്നാലെയാണ് നടപടി. നിലവിൽ  വിതരണം ചെയ്ത് വരുന്നതിൽ 50 ശതമാനം വൈദ്യുതിയാണ് കമ്പനി വെട്ടിക്കുറച്ചിരിക്കുന്നത്.  ത്സാര്‍ഖണ്ഡിൽ നിന്നാണ് അദാനി പവര്‍ ജാര്‍ഖണ്ഡ് ലിമിറ്റഡ് ബംഗ്ലാദേശിലേക്ക് വൈദ്യുതി നൽകുന്നത്. ബില്ലുകൾ അടച്ചില്ലെങ്കിൽ ഒക്‌ടോബർ 31-ന് വൈദ്യുതി വിതരണം നിർത്തിവെച്ച് പവർ പർച്ചേസ് എഗ്രിമെന്റ് (പിപിഎ) പ്രകാരം  നടപടികൾ സ്വീകരിക്കുമെന്നും അദാനി ഗ്രൂപ്പ് ഒക്ടോബർ 27-ന് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു.  കൽക്കരി വിതരണക്കാർക്കും ഓപ്പറേഷൻസ്, മെയിന്റനൻസ് കോൺട്രാക്ടർമാർക്കും പണം നൽകുന്നതിന് പ്രവർത്തന മൂലധനം കൈകാര്യം ചെയ്യുന്നതിൽ ബുദ്ധിമുട്ടുകൾ നേരിടുകയാണെന്നും പണമടച്ചില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കുമെന്നും കത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു നടപടി. വ്യാഴാഴ്ച വരെ ആയിരുന്നു പണം അടയ്ക്കാൻ ബംഗ്ലാദേശ് അവസാന സമയം ചോദിച്ചത്. എന്നാല്‍ തുക കണ്ടെത്താന്‍ കഴിഞ്ഞില്ല. 1,496 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് ഇപ്പോൾ ഒരു യൂണിറ്റിൽ നിന്ന് ഏകദേശം 700 മെഗാവാട്ട് ആയി ഉത്പാദനം കുറച്ചു. ഇന്നലെ രാത്രി ബംഗ്ലാദേശിന് 1,600 മെഗാവാട്ടിന്റെ കുറവുണ്ടായെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. 27ന് അയച്ച നോട്ടീസില്‍ ഒക്ടോബര്‍ 30ന് 846 മില്യണ്‍ ഡോളറിന്റെ കുടിശിക തീര്‍പ്പാക്കണമെന്നായിരുന്നു കമ്പനി ബംഗ്ലാദേശിനോട് ആവശ്യപ്പെട്ടിരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button