Kerala

ഒത്തു പോകാനാകില്ല, പുറത്താക്കാനും’, മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ വെട്ടിലായി സിപിഎം, നടപടി ഉടന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച പിവി അൻവർ എംഎൽഎ പുറത്തേക്ക്. മുന്നണി സംവിധാനത്തിൽ തുടരാൻ അൻവറിനോ അൻവറുമായി യോജിച്ച് പോകാൻ എൽഡിഎഫിനോ കഴിയാത്ത സാഹചര്യമാണ് നിലവിൽ. പാർലമെൻററി പാർട്ടി യോഗത്തിൽ നിന്ന് അൻവറിനെ ഉടൻ മാറ്റിനിർത്തും. മിണ്ടിപ്പോകരുതെന്ന മുഖ്യമന്ത്രിയുടേയും സിപിഎം സംസ്ഥാന നേതൃത്വത്തിന്റെയും വിലക്ക് ലംഘിച്ചാണ് പിവി അൻവർ ആഞ്ഞടിച്ചത്. അതും പ്രതിപക്ഷം പോലും പറയാൻ മടിക്കുന്ന തരത്തിൽ പിണറായിക്കെതിരെ രണ്ടും കൽപ്പിച്ച്. ആഭ്യന്തര മന്ത്രി സ്ഥാനത്തിരിക്കാൻ മുഖ്യമന്ത്രി യോഗ്യനല്ലെന്ന് കൂടി തുറന്നടിച്ചതോടെ അൻവറും സിപിഎമ്മും തമ്മിലെ ബന്ധം മുറിഞ്ഞു. മുന്നണി അച്ചടക്കത്തിന്റെ പരിധിയെല്ലാം ലംഘിച്ച പിവി അൻവറിനെതിരെ സിപിഎം നിലപാട്  കൂടുതൽ കടുപ്പിക്കും. ഇടതു സ്വതന്ത്രനെന്ന പരിഗണനയോ പരിവേഷമോ ഇനി പിവി അൻവറിനുണ്ടാകില്ല. നിയമസഭാ സമ്മേളനം നാലിന് തുടങ്ങാനിരിക്കെ ർലമിന്ററി പാർട്ടിയിലും അൻവറുന്റെ സാന്നിധ്യം ഉണ്ടാകില്ല. സ്വതന്ത്ര എംഎൽഎ ആയതിനാൽ സാങ്കേതിക നടപടികൾക്ക് സിപിഎമ്മിന് പരിമിതിയുണ്ട്. പാർലമെൻറി യോഗത്തിൽ നിന്ന് മാറ്റിനിർത്തും. പാർട്ടി സംവിധാനം അടിമുടി ഇറങ്ങി അൻവറിനെ പ്രതിരോധിക്കും.   മുഖ്യമന്ത്രി, പൊളിറ്റിക്കൽ സെക്രട്ടറി പി ശശി, മന്ത്രി മുഹമ്മദ് റിയാസ് എന്നിവരെ നേരിട്ട് ലക്ഷ്യം വച്ച പിവി അൻവർ സിപിഎം രാഷ്ട്രീയത്തിലും വരും ദുവസങ്ങളിൽ ചലനങ്ങൾ ഉണ്ടാക്കും. പ്രത്യേകിച്ച് പാർട്ടി സമ്മേളന കാലത്ത് വലിയ ചേരി തിരിവിന് ഇടയാക്കും. എംഎൽഎ സ്ഥാനം രാജിവെക്കാതെ രണ്ടും കല്പിച്ചുള്ള പോരിനാണ് അൻവറിൻ്റെ നീക്കം. എല്ലാ അതൃപ്തികൾക്കും അപ്പുറത്ത് പാർട്ടിക്കും സർക്കാരിനും തീരാ തലവേദനയാകും ഇനി പിവി അൻവർ. മുഖ്യമന്ത്രിയുടെയും സിപിഐ സൈബർ പോരാളികളുടെയും എക്കാലത്തെയും പ്രിയങ്കരനായിരുന്ന അൻവർ ഒറ്റയടിക്ക് പ്രധാനശത്രുവായി. ഇനി വരുന്നത് വലിയ പോരാട്ടങ്ങളായിരിക്കും.  അതേസമയം, മന്ത്രിമാരായ റിയാസും കെഎൻ ബാല​ഗോപാലും അൻവറിൻ്റെ ആരോപണങ്ങളോട് പ്രതികരിച്ചില്ലെങ്കിലും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ പ്രതികരണവുമായി രം​ഗത്തെത്തി. പിവി അൻവർ എംഎൽഎ പാർട്ടി ശത്രുക്കൾക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന് ടിപി രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുകയാണെന്നും ആർക്കും അത് കെടുത്താനാകില്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. പിണറായി എന്ന സൂര്യൻ കെട്ടുപോയെന്നും കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നുവെന്നും അൻവർ വിമർശിച്ചിരുന്നു. ഇതിനോടാണ് എൽഡിഎഫ് കൺവീനറുടെ പ്രതികരണം.  മുഖ്യമന്ത്രി കൂടുതൽ ശോഭയോടെ ജ്വലിച്ചു നിൽക്കുന്നു. ജനങ്ങൾ നൽകിയ സൂര്യശോഭയാണ്. അൻവറിന്റെ ഈ വർത്തമാനം കൊണ്ട് അത് കെടുത്താനാവില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു. അൻവർ നൽകിയ പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്. അത് പൂർത്തിയാകും മുമ്പ് ഏതെങ്കിലും ആക്ഷേപം പരസ്യമായി ഉന്നയിക്കുന്നത് ശരിയല്ല. മുഖ്യമന്ത്രി വ്യക്തമാക്കിയത് പാർട്ടി നിലപാടാണ്. മുഖ്യമന്ത്രി സിപിഎമ്മിൻ്റെ പോളിറ്റ് ബ്യൂറോ അംഗമാണ്. അൻവർ ശത്രുക്കളുടെ കയ്യിൽ കളിക്കുകയാണ്. അൻവറിൻ്റെ ചെയ്തികൾ തെറ്റാണ്. മുഖ്യമന്ത്രി ജനങ്ങളിൽ നിന്നും നേടിയ അംഗീകാരമാണ്. ജനങ്ങൾ നൽകിയിട്ടുള്ള സൂര്യതേജസാണ് മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ തേജസ് കൃത്രിമമായി നിർമ്മിച്ചതല്ല. മുഖ്യമന്ത്രി ചതിച്ചു എന്നത് അടിസ്ഥാനരഹിതമാണ്.  ജനങ്ങളുടെ വിശ്വാസത്തിന് വിരുദ്ധമായി അൻവർ പ്രവർത്തിക്കുകയാണ്. അൻവർ നിലപാട് തിരുത്തണം. സിപിഎം അംഗമാണെങ്കിൽ അൻവറിനെ സസ്പെൻഡ് ചെയ്യാം. അൻവർ സ്വതന്ത്ര എംഎൽഎയാണ്. ഓരോ ദിവസവും ഓരോ പുതിയ ആരോപണങ്ങളാണ് അൻവർ ഉന്നയിക്കുന്നത്. അത് ശരിയായ രീതിയല്ലെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെതിരെ തുറന്നടിച്ച പിവി അന്‍വര്‍ പിണറായി വിജയനെ കണ്ടത് അച്ഛന്‍റെ സ്ഥാനത്താണ് എന്നിട്ടും അദ്ദേഹം എന്നെ ചതിച്ചെന്ന് വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. പിണറായി വിജയന്‍ എന്ന സൂര്യൻ കെട്ടുപോയി. മുഖ്യമന്ത്രിയുടെ ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്കായി. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ലെന്നും അന്‍വര്‍ ആഞ്ഞടിച്ചു. പാർട്ടിയിൽ അടിമത്തമാണെന്നും അന്‍വര്‍ കുറ്റപ്പെടുത്തി.    അഞ്ച് മിനിട്ട് നേരമേ മുഖ്യമന്ത്രിയുമായി സംസാരിച്ചുള്ളൂ. ഉള്ള് തുറന്ന് എല്ലാ കാര്യങ്ങളും പറഞ്ഞിരുന്നു. എന്നാല്‍, നിസഹായാവസ്ഥയാണ് മുഖ്യമന്ത്രി  പ്രകടിപ്പിച്ചത്. പി ശശി കാട്ടുകള്ളനാണ്. കാട്ടു കള്ളനെ താഴെ ഇറക്കണമെന്ന് ഞാൻ നിശ്ചയിച്ചു. കത്തിജ്വലിച്ചു നിന്ന സൂര്യനായിരുന്നു പിണറായി വിജയന്‍. എന്നാല്‍, ആ സൂര്യൻ കെട്ടുപോയി. തെളിവ് നൽകിയിട്ടും വിജിലൻസ് അന്വേഷണത്തിന് 6 മാസം സമയം നൽകി. സ്പോട്ടിൽ സസ്പെൻഡ് ചെയ്യേണ്ട ആളാണ് അജിത്ത് കുമാർ. എന്നാൽ വിജിലൻസ് അന്വേഷണത്തിലൂടെ ആറുമാസം കൂടി സമയം നൽകുകയാണ് ചെയ്തതെന്നും അന്‍വര്‍ കുറ്റപ്പെടുത്തി. മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് മുഖ്യമന്ത്രി പ്രതികരിച്ച രീതി തെറ്റായിപ്പോയി. തന്നെ കള്ളകടത്തുകാരുടെ ആളായിട്ടാണ് മുഖ്യമന്ത്രി ചിത്രീകരിച്ചത്. മുഖ്യമന്ത്രിയുടെ പ്രസ്താവന തനിക്ക് വലിയ ഡാമേജ് ഉണ്ടാക്കി. മുഖ്യമന്ത്രിയെ പാർട്ടിയും തിരുത്തിയില്ലെന്ന് അൻവർ കുറ്റപ്പെടുത്തി.  കരിപ്പൂർ എയർപോർട്ട് സ്വർണക്കടത്ത് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും അൻവർ ചോദിച്ചു. പി ശശിയും എഡിജിപി അജിത് കുമാറും സുജിത്ത് ദാസും ചേർന്ന് എത്ര സ്വർണ്ണം തട്ടിയെടുത്തുവെന്ന് അന്വേഷിക്കണം. അതല്ല എഡിജിപി എം ആർ അജിത്ത് കുമാർ എഴുതി കൊടുക്കുന്ന വാറോല വായിക്കേണ്ട ഗതികേടിലാണോ മുഖ്യമന്ത്രിയെന്നും അൻവർ ചോദിച്ചു. 

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button