National

തീവ്ര ചുഴലിക്കാറ്റായി ‘ദാന’ കരതൊട്ടു; ഒഡിഷയിൽ ലക്ഷക്കണക്കിന് പേരെ മാറ്റിപ്പാർപ്പിച്ചു, നാനൂറോളം ട്രെയിനുകൾ റദ്ദാക്കി

ഭുവനേശ്വര്‍: തീവ്ര ചുഴലിക്കാറ്റായി ‘ദാന’ കരതൊട്ടു. ഭിതർകനിക നാഷനൽ പാർക്കിനും ധാമ്ര തുറമുഖത്തിനും ഇടയിലാണ് കരയിൽ പ്രവേശിച്ചത്. മണിക്കൂറിൽ 110 കിലോ മീറ്റർ വരെ വേഗതയിൽ വീശിയടിക്കുന്ന ശക്തമായ ചുഴലിക്കാറ്റായി ദാന വടക്കൻ ഒഡീഷ, പശ്ചിമ ബംഗാൾ തീരങ്ങളിലേയ്ക്ക് പൂർണമായും പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. ഒഡിഷയിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് സ്ഥിതിഗതികൾ വിലയിരുത്തി. ഒഡിഷ മുഖ്യമന്ത്രിയുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു.

12 കിലോമീറ്റർ വേഗതയിലാണ് ദാന വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നത്. വെള്ളിയാഴ്ച പുലർച്ചെ 4:30ഓടെയാണ് ചുഴലിക്കാറ്റ് ഒഡിഷയില്‍ പ്രവേശിച്ചത്. ഇത് ധമാരയിൽ നിന്ന് 15 കിലോമീറ്റർ വടക്കോട്ടും ഹബാലിഖാത്തി പ്രകൃതി ക്യാമ്പിന് 30 കിലോമീറ്റർ വടക്ക്-വടക്കുപടിഞ്ഞാറ് ദിശയിലുമാണ് നീങ്ങുന്നതെന്ന് കാലാവസ്ഥാ വകുപ്പിൻ്റെ ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. ഒഡിഷയിൽ ആറ് ലക്ഷത്തോളം തീരദേശ വാസികളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. 400 ഓളം ട്രെയിനുകള്‍ റദ്ദാക്കി. ഭുവനേശ്വറിലെയും കൊൽക്കത്തയിലെയും വിമാനത്താവളങ്ങൾ വെള്ളിയാഴ്ച രാവിലെ 9 വരെ പ്രവർത്തനം നിർത്തിവച്ചു. 45 ഓളം വിമാനങ്ങൾ റദ്ദാക്കുകയോ വൈകുകയോ ചെയ്തു. ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കാൻ സാധ്യതയുള്ള ഒഡീഷയിലെ 14 ജില്ലകളിലായി 182 ഫയർ ആൻഡ് റെസ്ക്യൂ ടീമുകളെ വിന്യസിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാൾ, ഒഡിഷ സംസ്ഥാനങ്ങൾക്ക് പുറമെ ജാർഖണ്ഡിലും ബിഹാറിലും ആന്ധ്രാ പ്രദേശിലും അൻപത്തിയാറ് NDRF സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. കൊൽക്കത്ത രാജ് ഭവനിലടക്കം 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം സജ്ജമാക്കി. ശനിയാഴ്ച വരെ കിഴക്കൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുമെന്നാണ് പ്രവചനം. മത്സ്യത്തൊളിലാളികളോട് കടലിൽ പോകരുത് എന്ന് നിർദേശിച്ചിട്ടുണ്ട്. ബംഗാളിൽ 2.4 ലക്ഷം ആളുകളെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

അതേസമയം കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മുൻകരുതലിന്‍റെ ഭാഗമായി കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെയുള്ള മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്. തെക്ക് കിഴക്ക് അറബിക്കടലിനും ലക്ഷദ്വീപിനും മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇതിന്‍റെ സ്വാധീന ഫലമായാണ് മഴ. അതേസമയം നാളെയും മറ്റന്നാളും തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്. നദികളിലെ ജലനിരപ്പ് ഉയർന്നതിനാൽ ജാഗ്രതാ നിർദേശം തുടരുകയാണ്. ശക്തമായ കാറ്റിനും ഉയർന്ന തിരമാലക്കും സാധ്യതയുള്ളതിനാൽ തീരദേശവാസികൾക്കും പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button