‘ബന്ദ: അനുസരണ കാട്ടിയില്ലെന്ന് ആരോപിച്ച് പ്രായപൂർത്തിയാകാത്ത മകളെ ക്രൂരമായി മർദ്ദിച്ച അച്ഛനെതിരെ പൊലീസ് കേസെടുത്തു. ഉത്തർപ്രദേശിലെ ലളിത്പൂർ ജില്ലയിലാണ് സംഭവം. കയറുകൊണ്ട് തലകീഴായി കെട്ടിത്തൂക്കി മർദ്ദിക്കുന്ന വീഡിയോ പ്രചരിച്ചതോടെയാണ് പൊലീസ് കേസെടുത്തത്. 45 കാരനായ ഗോവിന്ദ് റായ് റൈക്വാർ ആണ് 10 വയസുള്ള മകളെ മർദ്ദിച്ചതിന് പിടിയിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് സംഭവം. മകൾ അനുസരണ കാട്ടിയില്ലെന്ന് ആരോപിച്ച് പിതാവ് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. 10 വയസുകാരിയെ വീടിന്‍റെ മുന്നിൽ കയറുകൊണ്ട് തലകീഴായി കെട്ടിത്തൂക്കിയാണ് ഗോവിന്ദ് റായ് മർദ്ദിച്ചത്. സംഭവത്തിന്‍റെ വീഡിയോ ആരോ പകർത്തിയത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കുട്ടിയെ വഴക്ക് പറഞ്ഞ് പിതാവ് മർദ്ദിക്കുന്നതും മകൾ കരയുന്നതും വീഡിയോയിൽ കാണാം. ഇതിന് പിന്നാലെയാണ് പൊലീസ് ഗോവിന്ദ് റായ്ക്കെതിരെ കേസെടുത്തത്. കുട്ടിയെ മർദ്ദിക്കുന്ന വീഡിയോ ശ്രദ്ദയിൽപ്പെട്ടതോടെയാണ് പിതാവിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തതെന്ന് ബാർ പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ രാജാ ദിനേഷ് സിംഗ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.