147 വർഷത്തിനിടെ ആദ്യം! ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റിൽ ചരിത്ര നേട്ടം കുറിച്ച് ജയ്സ്വാൾ
ചെന്നൈ: ബംഗ്ലാദേശിനെതിരെ ഒന്നാം ടെസ്റ്റിൽ തുടക്കത്തിലെ തകർച്ചയിൽനിന്ന് ഇന്ത്യയെ കരകയറ്റിയത് ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെ വീരോചിത അർധ സെഞ്ച്വറി പ്രകടനമാണ്. തുടക്കക്കാരൻ ഹസൻ മഹ്മൂദിന്‍റെ പേസ് ബൗളിങ്ങിനു മുന്നിൽ ഇന്ത്യൻ മുൻനിര ബാറ്റർമാർ പതറിയപ്പോൾ ഒരറ്റത്ത് ശ്രദ്ധയോടെ ബാറ്റുവീശി പിടിച്ചുനിന്നത് ജയ്സ്വാളായിരുന്നു. ഒമ്പത് ബൗണ്ടറികളടക്കം 118 പന്തിൽ 56 റൺസെടുത്ത താരം നഹീദ് റാണയുടെ പന്തിൽ ശദ്മൻ ഇസ്‍ലാമിന് ക്യാച്ച് നൽകിയാണ് പുറത്തായത്. 9.2 ഓവറിൽ 34 റൺസെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് മുൻനിര വിക്കറ്റുകളാണ് നഷ്ടമായത്. നായകൻ രോഹിത് ശർമ (19 പന്തിൽ ആറ്), ശുഭ്മൻ ഗിൽ (പൂജ്യം), വിരാട് കോഹ്ലി (ആറു പന്തിൽ ആറ്) എന്നിവരാണ് ആദ്യ സെഷനിൽ തന്നെ പുറത്തായത്. പേസർ ഹസൻ മഹ്മൂദിനാണു മൂന്നു വിക്കറ്റുകളും. നാലാം വിക്കറ്റിൽ ജയ്സ്വാളും ഋഷഭ് പന്തും ചേർന്നാണ് ഇന്ത്യൻ സ്കോർ ഉയർത്തിയത്. ഒന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തിൽ തന്നെ ചരിത്ര നേട്ടം സ്വന്തമാക്കാനും ജയ്സ്വാളിനായി. 147 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ സ്വന്തം നാട്ടിൽ ആദ്യത്തെ പത്തു ഇന്നിങ്സുകളിൽ 750ലധികം റൺസ് നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് ജയ്സ്വാൾ സ്വന്തമാക്കിയത്. 1935ൽ വെസ്റ്റിൻഡീസിന്‍റെ ജോർജ് ഹെഡ്ലി ആദ്യത്തെ 10 ഇന്നിങ്സുകളിൽ നേടിയ 747 റൺസെന്ന റെക്കോഡാണ് താരം മറികടന്നത്. പാകിസ്താന്‍റെ ജാവേദ് മിയാൻദാദാണ് മൂന്നാമത്. 743 റൺസ്. ആർ. അശ്വിന്‍റെ സെഞ്ച്വറിയുടെയും (112 പന്തിൽ 102) രവീന്ദ്ര ജദേജയുടെ അർധ സെഞ്ച്വറിയുടെയും (117 പന്തിൽ 86) കരുത്തിൽ ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തിൽ 339 റൺസെടുത്തിട്ടുണ്ട്. ബംഗ്ലാ ബൗളർമാരെ അനായാസം നേരിടുന്ന ഇരുവരും ഏഴാം വിക്കറ്റിൽ 195 റൺസാണ് ഇതുവരെ അടിച്ചുകൂട്ടിയത്. രണ്ടു സിക്സും 10 ബൗണ്ടറിയുമടക്കമാണ് അശ്വിൻ മൂന്നക്കത്തിലെത്തിയത്. താരത്തിന്‍റെ ടെസ്റ്റ് കരിയറിലെ ആറാമത്തെ സെഞ്ച്വറിയാണ്. ബംഗ്ലാദേശിനായി ഹസൻ മഹ്മൂദ് നാലു വിക്കറ്റ് വീഴ്ത്തി. നഹീദ് റാണ, മെഹ്ദി ഹസൻ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. നേരത്തെ ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ ബാറ്റിങ്ങിന് വിടുകയായിരുന്നു. ആദ്യത്തെ പത്തു ഇന്നിങ്സുകളിൽ കൂടുതൽ റൺസ് നേടിയ താരങ്ങൾ (ഹോം) യശസ്വി ജയ്സ്വാൾ (ഇന്ത്യ) -755 ജോർജ് ഹെഡ്ലി (വെസ്റ്റിൻഡീസ്) -747 ജാവേദ് മിയാൻദാദ് (പാകിസ്താൻ) -743 ഡേവ് ഹൗട്ടൺ (സിംബാബ്വെ) -687 സർ വിവിയൻ റിച്ചാർഡ്സ് (വെസ്റ്റിൻഡീസ്) -680