ഭക്ഷ്യവിഷബാധ; പ്രവാസി തൊഴിലാളികളെ രാജ്യം വിടാൻ അനുവദിക്കില്ല, യാത്രാ വിലക്ക് ഏർപ്പെടുത്താൻ എസ്എഫ്ഡിഎ
റിയാദ്: ഭക്ഷ്യവിഷബാധ സംശയിക്കുന്ന കേസുകളുടെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഭക്ഷണശാലകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ സൗദി അറേബ്യ. സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി (എസ്എഫ്ഡിഎ) സമീപ ഭാവിയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന നിയമത്തിലെ വ്യവസ്ഥകളിലൊന്നാണിത്. ഭക്ഷ്യവിഷബാധയേറ്റ സംഭവങ്ങളിലോ ഭക്ഷ്യവിഷബാധ സംശയിക്കുന്ന കേസുകളിലോ ഭക്ഷണശാലകള്‍ കര്‍ശന നിയമങ്ങളും പ്രോട്ടോക്കോളുകളും പാലിക്കണമെന്നത് നിര്‍ബന്ധമാക്കാന്‍ പദ്ധതിയിടുകയാണ് മുന്‍സിപ്പാലിറ്റീസ് ആന്‍ഡ് ഹൗസിങ് മന്ത്രാലയവുമായി ചേര്‍ന്ന് ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി. ഭക്ഷ്യവിഷബാധ കണ്ടെത്തിയാല്‍ സ്ഥാപനത്തിലെ ഏതെങ്കിലും ഉപകരണമോ വസ്തുവോ വൃത്തിയാക്കുകയോ നീക്കം ചെയ്യുകയോ നശിപ്പിച്ച് കളയുകയോ ചെയ്യുന്നത് നിരോധിക്കും. നിയമലംഘനം നടത്തിയാല്‍ ക്രിമിനല്‍ ശിക്ഷാ നടപടികള്‍ ഉറപ്പാക്കും. ഭക്ഷ്യവിഷബാധ സംശയിക്കപ്പെട്ടാലോ കണ്ടെത്തിയാലോ അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളെ രാജ്യം വിടാന്‍ സ്ഥാപനം അനുവദിക്കരുത്. കൂടാതെ ബന്ധപ്പെട്ട അധികൃതര്‍ക്ക് അവിടെ ജോലി ചെയ്യുന്ന തൊഴിലാളികളുടെ ശരിയായ ലിസ്റ്റ് നല്‍കേണ്ടതുമുണ്ട്. തുടര്‍ന്ന് കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഈ തൊഴിലാളികള്‍ക്ക് യാത്രാ വിലക്ക് ഏര്‍പ്പെടുത്താനുള്ള അഭ്യര്‍ത്ഥന അതോറിറ്റി ബന്ധപ്പെട്ട അധികൃതര്‍ക്ക് മുമ്പില്‍ സമര്‍പ്പിക്കും. ഭക്ഷ്യ നിയമത്തിലെ ഈ പ്രധാനപ്പെട്ട പുതിയ ഭേദഗതികളില്‍, അന്തിമ തീരുമാനമെടുക്കുന്നതിന് മുമ്പ് പൊതുജനാഭിപ്രായം ആരായുന്നതിനായി സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി ഇസ്തിത്ലാ പ്ലാറ്റ്ഫോമില്‍ അവതരിപ്പിച്ചിരിക്കുകയാണ്