Kerala
ഗായിക കെ.എസ് ചിത്രയുടെ പേരിൽ തട്ടിപ്പു സംഘം; അഞ്ച് അക്കൗട്ടുകൾ പൂട്ടിച്ചെന്നും ജാഗ്രത പാലിക്കണമെന്നും ഗായിക
ചെന്നൈ: മലയാളത്തിൻ്റെ സ്വരമാധുരി ഗായിക കെ.എസ് ചിത്രയുടെ പേരും ചിത്രവും ഉപയോഗിച്ച് നിക്ഷേപ തട്ടിപ്പു സംഘം. തന്റെ പേരും ചിത്രവും ഉൾപ്പെടുത്തി സമൂഹമാധ്യമങ്ങളിലൂടെ പണം ആവശ്യപ്പെട്ട് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതായി ചിത്ര പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.
10,000 രൂപ നിക്ഷേപിച്ചാൽ ഒരാഴ്ചയ്ക്കകം 50,000 രൂപ ലഭിക്കുന്ന പദ്ധതിയുടെ അംബാസഡറാണ്, ഐ ഫോൺ ഉൾപ്പെടെ സമ്മാനങ്ങൾ കാത്തിരിക്കുന്നു എന്നിങ്ങനെയുള്ള വ്യാജ വാഗ്ദാനങ്ങൾ നിരത്തിയാണ് ലോബി പ്രവർത്തിക്കുന്നത്. തട്ടിപ്പിന് ഇരയാകാതിരിക്കാൻ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പു സംഘത്തിനെതിരേ നടപടി വേണമെന്നും ചിത്ര ആവശ്യപ്പെട്ടു.
പരാതിക്കു പിന്നാലെ സൈബർ ക്രൈം വിഭാഗം അഞ്ച് അക്കൗണ്ടുകൾ പൂട്ടിച്ചിട്ടുണ്ട്. ഒരു ടെലിഗ്രാം അക്കൗണ്ട് ഉടമ സ്വയം പിൻവലിച്ചതായും ഗായിക ചിത്ര പറഞ്ഞു.