കടയ്ക്കലിൽ വയോധികന്റെ മരണം: ചെള്ള് പനി സ്ഥിരീകരിച്ചു
കടയ്ക്കൽ: കടയ്ക്കലിൽ വയോധികന്റെ മരണം ചെള്ള്പനി മൂലമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരണം. കടയ്ക്കൽ പഞ്ചായത്തിൽ ചായിക്കോട് പാറവിളവീട്ടിൽ ശ്രീകുമാർ (52) ആണ് ദിവസങ്ങൾക്ക് മുമ്പ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്. ടാപ്പിങ് തൊഴിലാളിയാണ്. കാലിനു വേദനയും ശക്തമായ പനിയുടെ ലക്ഷണങ്ങളുമായി ദിവസങ്ങൾക്ക് മുമ്പ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സതേടുകയും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. മരണത്തെ തുടർന്ന് ശ്രീകുമാറിന്റെ കുടുംബാംഗങ്ങളെ പരിശോധനക്ക് വിധേയമാക്കി. ആരിലും രോഗലക്ഷണങ്ങളില്ല.ചെള്ള് പനി ചെള്ള് കടിച്ച ഭാഗം കറുത്ത് വ്രണമായി മാറുകയും ഒപ്പം പനിയും തലവേദനയും ഉണ്ടാകുകയും ചെയ്യും. കടിയേറ്റ് രണ്ടാഴ്ചക്കകം രോഗ ലക്ഷണങ്ങൾ പ്രകടമാകും. പേശിവേദന, ചുമ, വിറയൽ, ദഹന പ്രശ്നം തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ.