ഐഫോണ്‍ എസ്ഇ 4 പ്രതീക്ഷിച്ചതിലും നേരത്തെ എത്തും; ആപ്പിള്‍ പ്രേമികള്‍ക്ക് സന്തോഷിക്കാനേറെ
ദില്ലി: ആപ്പിളിന്‍റെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്‌ലി സ്‌മാര്‍ട്ട്ഫോണായ ഐഫോണ്‍ എസ്ഇ 4 (Apple iPhone SE 4) പ്രതീക്ഷിച്ചതിലും നേരത്തെ എത്തുമെന്ന് റിപ്പോര്‍ട്ട്. നേരത്തെ പറയപ്പട്ടതിനേക്കാള്‍ ഒരു മാസം മുമ്പേ 2025 മാര്‍ച്ചില്‍ ഫോണിന്‍റെ ലോഞ്ചുണ്ടാകും എന്നാണ് മാക്‌റൂമേര്‍സിന്‍റെ റിപ്പോര്‍ട്ട്. ഏപ്രില്‍ മാസമാകും ഐഫോണ്‍ എസ്‌ഇ 4 ആപ്പിള്‍ പുറത്തിറക്കുക എന്നായിരുന്നു മുന്‍ റിപ്പോര്‍ട്ട്. 2025ന്‍റെ ആദ്യപാദത്തില്‍ തന്നെ ഐഫോണ്‍ എസ്ഇ 4 വിപണിയിലെത്തും എന്ന സന്തോഷ വാര്‍ത്തയാണ് ആപ്പിള്‍ ഉത്പന്നങ്ങളുടെ ആരാധകരെ തേടിയെത്തിയിരിക്കുന്നത്. ഫ്ലാഗ്‌ഷിപ്പ് ലെവല്‍ ഫീച്ചറുകളോടെയാണ് ഫോണ്‍ വരിക എന്നാണ് വിവരം. ആപ്പിളിന്‍റെ സ്വന്തം 5ജി മോഡം, എ18 ചിപ്, ഐഫോണ്‍ 14ന് സമാനമായ ഡിസൈന്‍, 6.1 ഇഞ്ച് ഒഎല്‍ഇഡി ഡിസ്പ്ലെ, ഫേസ് ഐഡി, 48 എംപി ക്യാമറ, 12 എംപി സെല്‍ഫി ക്യാമറ, 3,279 എംഎഎച്ച് ബാറ്ററി തുടങ്ങി ഒട്ടേറെ മികച്ച സവിശേഷതകള്‍ ഐഫോണ്‍ എസ്ഇ 4ന് പ്രതീക്ഷിക്കുന്നു. ആപ്പിളിന്‍റെ സ്വന്തം എഐയായ ആപ്പിള്‍ ഇന്‍റലിജന്‍സ് ലഭ്യമാവുന്ന ഏറ്റവും വില കുറഞ്ഞ ഐഫോണായിരിക്കുമിത് എന്നതാണ് പുറത്തുവന്നിരിക്കുന്ന മറ്റൊരു പ്രധാന വിവരം. സിരീ, ഫോട്ടോ എഡിറ്റിംഗ് ടൂളുകള്‍ തുടങ്ങി ഏറെ എഐ ഉപകരണങ്ങള്‍ ഫോണില്‍ പ്രതീക്ഷിക്കുന്നു. 48 മെഗാ പിക്‌സലിന്‍റെ ഒറ്റ ക്യാമറയാണ് ഐഫോണ്‍ എസ്ഇ 4ല്‍ വരിക. ഐഫോണ്‍ എസ്ഇ 3യില്‍ 12 എംപിയുടെ ക്യാമറ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാല്‍ തന്നെ വരാനിരിക്കുന്നത് വമ്പന്‍ അപ്‌ഗ്രേഡാണ് എന്ന് ഉറപ്പിക്കാം. എസ്ഇ സിരീസില്‍ ഇതാദ്യമായാണ് ഫേസ്-ഐഡി വരുന്നത്. എല്‍ജിയായിരിക്കും ഒഎല്‍ഇഡി ഡിസ്‌പ്ലെ ഒരുക്കുക എന്നാണ് റിപ്പോര്‍ട്ട്. ആപ്പിള്‍ അവരുടെ സ്‌മാര്‍ട്ട്ഫോണുകള്‍ പൂര്‍ണമായും എല്‍സിഡിയില്‍ നിന്ന് ഒഎല്‍ഇഡിയിലേക്ക് മാറ്റുന്നത് 2025ല്‍ ലക്ഷ്യമിടുന്നതിന്‍റെ ഭാഗമായാണിത്. ഇന്ത്യയില്‍ ഏകദേശം 50,000 രൂപയ്ക്ക് അടുത്തായിരിക്കും ഐഫോണ്‍ എസ്ഇ 4ന് വിലയാവാന്‍ സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.