Gulf NewsWorld

ആകാശത്തേക്ക് വളർന്ന് വളർന്ന് മുക്കാൽ കിലോമീറ്ററോളം; ലോക റെക്കോർഡ് തിരുത്താൻ വരുന്നു രണ്ടാം ഉയരമേറിയ കെട്ടിടം

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയ്ക്ക് പിന്നാലെ ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടവും ദുബായ്ക്ക് സ്വന്തമാകുന്നു. ദുബായിലെ ശൈഖ് സായിദ് റോഡില്‍ ഉയരുന്ന ബുര്‍ അസീസിയാണ് ദുബായ്ക്ക് അടുത്ത റെക്കോര്‍ഡ് നേടിക്കൊടുക്കാനൊരുങ്ങുന്നത്. ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കെട്ടിടമാകും ബുര്‍ജ് അസീസി. 132 നിലകളുള്ള ഈ അംബരചുംബിക്ക് നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ 725 മീറ്റര്‍ ഉയരമുണ്ടാകും. കെട്ടിടത്തിന്‍റെ നിര്‍മ്മാണം 2028ഓടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ ലോബി, ഏറ്റവും ഉയരം കൂടിയ നിശാക്ലബ്ബ്, ഏറ്റവും ഉയരം കൂടിയ ഒബ്സര്‍വേഷന്‍ ഡെസ്ക്, ഏറ്റവും ഉയരം കൂടിയ റെസ്റ്റോറന്‍റ്, ഏറ്റവും ഉയരം കൂടിയ ഹോട്ടല്‍ റൂം എന്നിങ്ങനെ നിരവധി പ്രത്യേകതകളാണ് ബുര്‍ജ് അസീസിക്ക് ഉള്ളത്. നിര്‍മ്മാണം പൂര്‍ത്തിയാകുമ്പോള്‍ ഈ കെട്ടിടത്തിന് 6 ബില്യണ്‍ ദിര്‍ഹം ചെലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരച്ഛീന ഷോപ്പിങ് മാളും ബുര്‍ജ് അസീസിയില്‍ ഉണ്ടാകും. ഇതിന് പുറമെ ഏഴ് സാംസ്കാരിക പ്രമേയങ്ങളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്ന സെവന്‍ സ്റ്റാര്‍ ഹോട്ടലും ബുര്‍ജ് അസീസിയില്‍ നിര്‍മ്മിക്കും. പെന്‍റ്ഹൗസുകള്‍, അപ്പാര്‍ട്ട്മെന്‍റുകള്‍, ഹോളിഡേ ഹോംസ്, വെല്‍നെസ് സെന്‍റര്‍, സ്വിമ്മിങ് പൂളുകള്‍, തിയേറ്ററുകള്‍, ജിമ്മുകള്‍, മിനി മാര്‍ക്കറ്റുകള്‍, റെസിഡന്‍റ് ലോഞ്ച്, കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലം എന്നിങ്ങനെ നിരവധി സവിശേഷതകളാണ് ബുര്‍ജ് അസീസിയില്‍ കാത്തിരിക്കുന്നത്. സന്ദര്‍ശകര്‍ക്ക് മേഘങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന അനുഭവമാകും ഇത്. ക്വാലാലംപൂരിലെ മെര്‍ദേക്ക 118 ആണ് നിലവില്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടം. 679 മീറ്ററാണ് ഇതിന്‍റെ ഉയരം. പണി പൂര്‍ത്തിയാകുമ്പോള്‍ ബുര്‍ജ് അസീസി ഈ റെക്കോര്‍ഡ് തകര്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button