CrimeNational

ജയിലിൽ നിന്നും പുറത്തിറങ്ങിയതേയുള്ളൂ, തോക്ക് ചൂണ്ടി കടയുടമയിൽ നിന്ന് പണം തട്ടി, മഞ്ഞുവീഴ്ച കാണാൻ പോകാൻ

ട്രക്കിംഗ് നടത്താൻ പണമില്ലാത്തതിനെ തുടർന്ന് ജയിൽമോചിതരായ സുഹൃദ് സംഘം ഡൽഹിയിലെ കടയുടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണം കവർന്നു. 50000 രൂപയാണ് ഇവർ തട്ടിയെടുത്തത്.  വിനോദയാത്രയുടെ ഭാഗമായി ട്രക്കിംഗ് നടത്താൻ പണം കണ്ടെത്താനാണത്രെ കവർച്ച നടത്തിയത്. ഡൽഹിയിലെ ദ്വാരക പ്രദേശത്ത് കവർച്ച പരമ്പര തന്നെ നടത്താനായിരുന്നു ഇവരുടെ ഉദ്ദേശം. എന്നാൽ, ഈ മോഷണത്തിന് തൊട്ടുപിന്നാലെ തന്നെ കൊള്ളസംഘത്തെ പോലീസ് പിടികൂടി. ബിന്ദാപൂരിലെ ജെജെ കോളനി നിവാസികളായ അക്രമി സംഘമാണ് നവംബർ 12 -ന് വൈകുന്നേരം തോക്ക് ചൂണ്ടി ഡൽഹിയിലെ കടയുടമയെ കൊള്ളയടിച്ചത്. പലചരക്ക് കടയുടമയായ മുകേഷ് തൻ്റെ സ്‌കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ബിന്ദാപൂരിലെ ഡിഡി ഫ്‌ളാറ്റുകൾക്ക് സമീപം ഇയാളെ തടഞ്ഞുവെച്ച് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ചത്. ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ദ്വാരക) അങ്കിത് സിംഗ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞതനുസരിച്ച് മോട്ടോർസൈക്കിളിൽ എത്തിയ മൂന്നുപേരായിരുന്നു കൊള്ളസംഘത്തിൽ ഉണ്ടായിരുന്നത്.  പ്രദേശത്തെ അഞ്ഞൂറിൽ അധികം സിസിടിവി ക്യാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. പ്രതികളായ മുഹമ്മദ് സാസിദ് (23), മുഹമ്മദ് ഷൂബ് (19), മുഹമ്മദ് റാഷിദ് (22) എന്നിവരെ നവംബർ 17 -ന് അറസ്റ്റ് ചെയ്യുകയും ചെയ്തു. ചോദ്യം ചെയ്യലിൽ, ഇവർ കുറ്റം സമ്മതിക്കുകയും ഇവരുടെ മൂന്ന് കൂട്ടാളികളായ മുഹമ്മദ് അയാൻ (19), മുഹമ്മദ് അഫ്താബ് (22), മുഹമ്മദ് അൽതാബ് (24) എന്നിവരെ കൂടി അറസ്റ്റ് ചെയ്യാൻ പോലീസിനെ സഹായിക്കുകയും ചെയ്തു. പ്രതികളെല്ലാം വിവിധ കുറ്റകൃത്യങ്ങൾക്ക് ശിക്ഷ കഴിഞ്ഞ് അടുത്തിടെ ജയിലിൽ നിന്ന് പുറത്തിറങ്ങിയവരാണ്. ഒരു ഹിൽ സ്റ്റേഷനിൽ മഞ്ഞുവീഴ്ച കാണാൻ പോകാൻ പദ്ധതിയിട്ടിരുന്ന ഇവർ അതിനുള്ള പണത്തിനായാണ് കവർച്ച നടത്താൻ തീരുമാനിച്ചത്. കവർച്ച ചെയ്ത പണത്തിൽ നിന്ന് 35,200 രൂപയും മോട്ടോർ സൈക്കിളും നാടൻ പിസ്റ്റളും പോലീസ് കണ്ടെടുത്തു.  പ്രദേശത്തെ മറ്റ് കടയുടമകളെ കൊള്ളയടിക്കാൻ സംഘം പദ്ധതിയിട്ടിരുന്നതായും എന്നാൽ പദ്ധതി നടപ്പാക്കുന്നതിന് മുമ്പ് പിടികൂടാൻ കഴിഞ്ഞതായും പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button