രണ്ടക്കം കടന്നത് 4 പേര്‍ മാത്രം, ടോപ് സ്കോററായത് നിതീഷ് റെഡ്ഡി; ഓസ്ട്രേലിയക്കെതിരെ തകർന്നടിഞ്ഞ് ഇന്ത്യ
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 150ന് പുറത്ത്. നാലു പേര്‍ മാത്രം രണ്ടക്കം കടന്ന ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ 41 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്കോററായത്. റിഷഭ് പന്ത് 37 റണ്‍സടിച്ചപ്പോള്‍ കെ എല്‍ രാഹുല്‍ 26ഉം ധ്രുവ് ജുറെല്‍ 11ഉം റണ്‍സെടുത്ത് പുറത്തായി. ഓസ്ട്രേലിയക്കായി ജോഷ് ഹേസല്‍വുഡ് നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ മിച്ചല്‍ മാര്‍ഷ്, മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമിന്‍സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. തുടക്കം മുതല്‍ കൂട്ടത്തകര്‍ച്ച ടോസിലെ ഭാഗ്യത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഇന്ത്യക്ക് മൂന്നാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്‍റെ പന്തില്‍ സ്ലിപ്പില്‍ മക്സ്വീനിക്ക് ക്യാച്ച് നല്‍കി മടങ്ങി. എട്ട് പന്തുകള്‍ നേരിട്ടെങ്കിലും ജയ്സ്വാളിന് അക്കൗണ്ട് തുറക്കാനായിരുന്നില്ല. രണ്ടാം വിക്കറ്റില്‍ രാഹുലിനൊപ്പം പടിക്കല്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സ്റ്റാര്‍ക്കിന്‍റെയും ഹേസല്‍വുഡിന്‍റെയും പന്തുകള്‍ക്ക് മുന്നില്‍ പതറി. ഒടുവില്‍ 23 പന്ത് നേരിട്ട പടിക്കല്‍ റണ്ണൊന്നുമെടുക്കാതെ ഹേസല്‍വുഡിന് മുന്നില്‍ വീണു. ഓസീസ് പേസര്‍മാരെ ആത്മവിശ്വാസത്തോടെ നേരിട്ട രാഹുലാണ് ഇന്ത്യയെ രണ്ടക്കം കടത്തിയത്.
രാഹുലും കോലിയും ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയെങ്കിലും ഹേസല്‍വുഡിന്‍റെ അപ്രതീക്ഷിത ബൗണ്‍സിന് മുന്നില്‍ കോലി(5) വീണു. 12 പന്തില്‍ അഞ്ച് റണ്ണെടുത്ത കോലിയെ സ്ലിപ്പില്‍ ഉസ്മാന്‍ ഖവാജ കൈയിലൊതുക്കുകയായിരുന്നു. ഓസീസ് പേസര്‍മാരുടെ പന്തുകളെ മികച്ച രീതിയില്‍ നേരിട്ട രാഹുലാണ് ഇന്ത്യയെ മുന്നോട്ടു നയിച്ചത്. എന്നാല്‍ ആദ്യ ദിനം ലഞ്ചിന് തൊട്ടു മുമ്പ് രാഹുലിനെ(26) കൂടി മടക്കി മിച്ചൽ സ്റ്റാര്‍ക്ക് ഇന്ത്യയ്ക്ക് നാലാം പ്രഹരമേല്‍പ്പിച്ചു. സ്റ്റാര്‍ക്കിന്‍റെ പന്ത് രാഹുലിന്‍റെ ബാറ്റിലാണോ ബാറ്റ് പാഡിലാണോ തട്ടിയതെന്ന് സംശയമുണ്ടായിരുന്നെങ്കിലും ടിവി അമ്പയര്‍ രാഹുലിനെ ഔട്ട് വിധിക്കുകയായിരുന്നു. 74 പന്ത് നേരിട്ട രാഹുല്‍ മൂന്ന് ബൗണ്ടറിയടക്കം 26 റണ്‍സെടുത്ത് മടങ്ങി. ലഞ്ചിനുശേഷവും ഇന്ത്യക്ക് തകര്‍ച്ച ഒഴിവാക്കാനായില്ല. ധ്രുവ് ജുറെലിനെ(11)യും വാഷിംഗ്ടണ്‍ സുന്ദറിനെയും(4) വീഴ്ത്തിയ മിച്ചല്‍ മാർഷ് ഇരട്ടപ്രഹരമേല്‍പ്പിച്ചതോടെ 73-6ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ നിതീഷ് റെഡ്ഡിയും റിഷഭ് പന്തും ചേര്‍ന്ന് 100 കടത്തി പ്രതീക്ഷ നല്‍കി. പാറ്റ് കമിന്‍സിനെ സിക്സിന് പറത്തിയ പന്ത് ഒടുവില്‍ 48 റൺസ് കൂട്ടുകെട്ടിനൊടുവില്‍ ടീം സ്കോര്‍ 121ല്‍ നില്‍ക്കെ വീണു. ഹര്‍ഷിത് റാണ ബൗണ്ടറിയോടെയും ജസ്പ്രീത് ബുമ്ര സിക്സോടെയും തുടങ്ങിയെങ്കിലും ഹേസല്‍വുഡിന് മുന്നില്‍ വീണു. 59 പന്തില്‍ 41 റണ്‍സെടുത്ത നിതീഷ് റെഡ്ഡിയെ പുറത്താക്കി കമിന്‍സ് ഇന്ത്യൻ ഇന്നിംഗ്സിന് തിരശീലയിട്ടു.