Business

ഇൻസ്റ്റഗ്രാമില്‍ 18 തികയാത്തവര്‍ ലോക്ക് ആകും

സോഷ്യല്‍മീഡിയ ഉപയോഗിക്കുന്ന കുട്ടികള്‍ ചതിക്കുഴികളില്‍ വീഴുന്നത് ഒഴിവാക്കാൻ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്താനൊരുങ്ങി മെറ്റ. 18 വയസ്സിന് താഴെയുള്ളവർക്ക് വേണ്ടി പ്രത്യേക ‘കൗമാര അക്കൗണ്ടുകള്‍’ ഇൻസ്റ്റഗ്രാമില്‍ അവതരിപ്പിക്കാനാണ് മെറ്റയുടെ നീക്കം. യുഎസ്, യുകെ, കാനഡ, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ അടുത്തയാഴ്ച മുതല്‍, ഇൻസ്റ്റഗ്രാം ആദ്യമായി ഉപയോഗിക്കുന്ന, 18 വയസ്സിന് താഴെയുള്ളവർക്ക് കൗമാരക്കാരുടെ അക്കൗണ്ടാണ് നല്‍കുക. നേരത്തെ മുതല്‍ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്ന 18-ന് താഴെയുള്ളവരെ അടുത്ത 60 ദിവസത്തിനുള്ളില്‍ കൗമാര അക്കൗണ്ടിലേക്ക് മൈഗ്രേറ്റ് ചെയ്യും. യൂറോപ്യൻ യൂണിയനിലുള്ള കൗമാരപ്രായക്കാരുടെ അക്കൗണ്ടുകള്‍ ഈ വർഷാവസാനം ക്രമീകരിക്കപ്പെടും. കൗമാരക്കാർ അവരുടെ പ്രായത്തെക്കുറിച്ച്‌ കള്ളം പറഞ്ഞ് 18 വയസിന് മുകളിലുള്ളവരാണെന്ന് തെറ്റിദ്ധിരിപ്പിച്ച്‌ അക്കൗണ്ട് ക്രിയേറ്റ് ചെയ്താല്‍ അത് കണ്ടുപിടിക്കാനുള്ള സംവിധാനവും മെറ്റ ഒരുക്കുന്നുണ്ട്. അതിനാല്‍ മുതിർന്നവരായി നടിച്ച്‌ ഇൻസ്റ്റഗ്രാമില്‍ വിഹരിക്കാനും കൗമാരക്കാർക്ക് കഴിയില്ലെന്ന് ചുരുക്കം. കൗമാരക്കാരുടെ അക്കൗണ്ടുകള്‍ ‘പബ്ലിക്ക്’ ആക്കാൻ കഴിയില്ല. ‘പ്രൈവറ്റ് അക്കൗണ്ട്’ വിഭാഗത്തില്‍ ഡിഫോള്‍ട്ടായി പട്ടികപ്പെടുത്തും. അതിനാല്‍ അവർ ഫോളോ ചെയ്യാത്തവരില്‍ നിന്ന് മെസേജുകള്‍ ലഭിക്കുന്നതില്‍ നിയന്ത്രണം വരും. “Sensitive content” കാണുന്നതിലും പരിമിതിയുണ്ടാകും. 60 മിനിറ്റില്‍ കൂടുതല്‍ ഇൻസ്റ്റഗ്രാമില്‍ ഇരുന്നാല്‍ നോട്ടിഫിക്കേഷൻ വരും. രാത്രി 10 മുതല്‍ രാവിലെ 7 വരെ “സ്ലീപ്പ് മോഡ്” ഓണ്‍ ആയിരിക്കും. അതിനാല്‍ മെസേജുകളുടെ നോട്ടിഫിക്കേഷൻ ലഭിക്കില്ല. 16, 17 വയസുള്ളവർക്ക് ഈ നിയന്ത്രണമുണ്ടാകില്ല.
16 വയസ്സിന് താഴെയുള്ളവർക്ക് സ്ലീപ് മോഡ് ഓഫാക്കാൻ മാതാപിതാക്കളുടെ അനുമതി ആവശ്യമാണ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button