ശരിക്കും നിധി കാത്ത് പാമ്പ് !; പൊത്തിൽ നിന്ന് ലഭിച്ചത് സ്വർണം, സംഭവം തൃശ്ശൂരിൽ
തൃശ്ശൂർ ;സ്വർണനിധിക്ക് പാമ്പ് കാവലാണെന്ന് നമ്മൾ പഴങ്കഥകളിൽ പലപ്പോഴും കേട്ടിട്ടുണ്ട്. എന്നാൽ അത് സത്യമാണോ എന്ന് ചിന്തിച്ച് പോകുന്ന സംഭവം തൃശ്ശൂരിൽ നടന്നിരിക്കുകയാണ്.
പാമ്പിനെ പിടികൂടാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പൊത്തിൽ നിന്ന് ലഭിച്ചത് പാമ്പിനേയും, സ്വർണമടങ്ങിയ പഴ്‌സും.തൃശ്ശൂർ തേക്കിന്‍കാട് മൈതാനത്ത് കുഞ്ഞുമൂര്‍ഖനെ പിടികൂടുന്നതിനിടെ വനംവകുപ്പ് തൃശ്ശൂര്‍ ഡിവിഷനിലെ ഉദ്യോഗസ്ഥനായ ടി.എം. മിഥുന്‍, സര്‍പ്പവൊളന്റിയര്‍ ശരത് മാടക്കത്തറ എന്നിവര്‍ക്കാണ് സ്വര്‍ണമടങ്ങിയ പഴ്‌സ് ലഭിച്ചത്.
തേക്കിൻകാട് മൈതാനത്ത് നെഹ്‌റു പാര്‍ക്കിന്റെ പ്രവേശനകവാടത്തിന് കുറച്ചു മാറിയാണ് പാമ്പിനെ കണ്ടത്. കൊടുങ്ങല്ലൂര്‍ സ്വദേശി ഷാഗ്രഹ നടന്നുപോകുന്നതിനിടെ കാലിനു സമീപമാണ് പാമ്പിനെ കണ്ടത്. പാമ്പ് സമീപത്തെ മരത്തിനുതാഴെയുള്ള പൊത്തില്‍ ഒളിച്ചതും ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് നാട്ടുകാര്‍ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു.
ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥർ പാമ്പിനെ പിടികൂടുന്നതിനായി സ്ഥലത്ത് എത്തുകയായിരുന്നു. പാമ്പിനെ പിടിക്കുന്ന ഉപകരണം ഉപയോഗിച്ച് പൊത്തില്‍ തിരയുന്നതിനിടെ തവിട്ടുനിറമുള്ള പഴ്‌സ് ലഭിച്ചു. നനഞ്ഞുകുതിര്‍ന്ന നിലയിലായിരുന്നു പഴ്സ് ഉണ്ടായിരുന്നത്. പഴ്‌സ് തുറന്നുനോക്കിയപ്പോള്‍ അതിൽ പണമുണ്ടായിരുന്നില്ല. പഴ്‌സ് വെയിലത്തുണക്കി വീണ്ടും പരിശോധിച്ചപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ സ്വര്‍ണ ഏലസ് കണ്ടത്. പഴ്‌സില്‍ നിന്ന് കടവല്ലൂര്‍ സ്വദേശിയുടെ ഡ്രൈവിങ്ങ് ലൈസന്‍സ്, ആധാര്‍കാര്‍ഡ് തുടങ്ങിയ രേഖകളും ലഭിച്ചിട്ടുണ്ട്.”