Kerala
റോഡ് പണിയും തിരക്കും, ഇടുങ്ങിയ വഴിയിൽ വെച്ച് ഓവർടേക്കിംഗ്; ബാരിക്കേഡുകൾ തകർത്ത് കെഎസ്ആർടിസി ബസ്
ആലപ്പുഴ: ആലപ്പുഴയിൽ ദേശിയ പാതയിലെ നിർമാണത്തിനായി വെച്ച ബാരിക്കേഡുകൾ ഇടിച്ച് തകർത്ത് കെഎസ്ആർടിസി ബസ്. അപകടത്തിൽ നിസ്സാര പരുക്കുകളോടെ യാത്രക്കാർ രക്ഷപെട്ടു. എരമല്ലൂർ കണ്ണുകുളങ്ങര ക്ഷേത്രത്തിന് സമീപമാണ് അപകടം നടന്നത്. ആലപ്പുഴയിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു കെഎസ്ആർടിസി ബസ്സ് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെയാണ് ബാരിക്കേഡ് ഇടിച്ച് തകർത്തത്. ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട ബസ് റോഡ് നിർമാണത്തിനായി വച്ചിരുന്ന ഇരുമ്പ് ബാരിക്കേഡുകൾ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. മറയായി വച്ചിരുന്ന ഇരുമ്പ് ബാരിക്കോഡിന്റെ ഒരു ഭാഗം ഇടിയുടെ ആഘാതത്തിൽ മറിഞ്ഞ് റോഡിൽ വീണു. അതിന്റെ മുകളിൽ കയറിയാണ് ബസ്സ് നിന്നത്. എടത്വ ഡിപ്പോയിലേതാണ് ബസ്സ്.