National
ലോക്കോ പൈലറ്റ് ആ കാഴ്ച കണ്ട് ആദ്യമൊന്ന് ഞെട്ടി, ഒട്ടും പതറാതെ ട്രെയിൻ നിർത്തി; റെയിൽ ട്രാക്കിൽ കണ്ടത് മൺകൂന
ലഖ്നൗ: റെയില്‍വേ സ്റ്റേഷന് സമീപമുള്ള ട്രാക്കില്‍ മണ്‍കൂന കണ്ടതിനെ തുടര്‍ന്ന് ട്രെയിൻ നിര്‍ത്തി ലോക്കോ പൈലറ്റ്. ഇന്നലെ ഉത്തര്‍പ്രദേശിലെ രഘുരാജ് സിംഗ് സ്റ്റേഷന് സമീപമാണ് സംഭവം. ലോക്കോ പൈലറ്റ് കൃത്യസമയത്ത് ഇത് കണ്ടത് കൊണ്ട് അപകടം ഒഴിവായി. ഒരു പാസഞ്ചർ ട്രെയിൻ അൽപ്പനേരം സ്റ്റേഷന് സമീപം നിര്‍ത്തിയിടേണ്ടി വന്നുവെന്ന് പൊലീസ് അറിയിച്ചു. ട്രാക്കിൽ നിന്ന് മണ്ണ് നീക്കി ട്രെയിൻ ഗതാഗതം പുനരാരംഭിച്ചുവെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ ദേവേന്ദ്ര ഭഡോരിയ പറഞ്ഞു. റെയിൽവേ ട്രാക്കിൽ ആരോ മണ്ണ് തള്ളിയതിനാൽ റായ്ബറേലിയിൽ നിന്നുള്ള ഷട്ടിൽ ട്രെയിൻ നിർത്തുകയായിരുന്നു. പ്രദേശത്ത് റോഡ് നിർമ്മാണം നടക്കുന്നുണ്ട്. ഇവിടെ നിന്ന് മണ്ണ് കൊണ്ട് വന്ന് ട്രാക്കില്‍ തള്ളിയ ശേഷം ലോറി ഡ്രൈവര്‍ പോവുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.