kerala

കൊടുംചൂട്; പാലക്കാട് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച വരെ അവധി

കൊടും ചൂട് തുടരുന്ന സാഹചര്യത്തില്‍ പാലക്കാട്ട് ജില്ലയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വ്യാഴാഴ്ച വരെ അടച്ചിടാന്‍ ജില്ലാ കലക്ടറുടെ ഉത്തരവ്. ര‌ാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ തുറസായ സ്ഥലത്തെ ജോലിയും ഒഴിവാക്കണം.

പാലക്കാട്, തൃശൂര്‍, കൊല്ലം ജില്ലകളില്‍ ഇന്നും താപതരംഗ സാധ്യതയെന്ന് മുന്നറിയിപ്പ്. പാലക്കാട്ടെ താപനില നാല്‍പ്പത്തി ഒന്ന് ഡിഗ്രി വരെ ഉയരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. വിവിധ ജില്ലകളില്‍ സൂര്യാഘാതമേറ്റുള്ള മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനാണ് ജില്ലാ കലക്ടര്‍മാരുടെ നിര്‍ദേശം.

കൊല്ലത്തും, തൃശൂരിലും പകല്‍ച്ചൂട് നാല്‍പ്പത് ഡിഗ്രിയായിരിക്കും. മറ്റ് ജില്ലകളില്‍ യെലോ അലേര്‍ട്ട് നിലവിലുണ്ട്. തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇന്നും വേനല്‍ മഴ ലഭിച്ചേയ്ക്കും. തീര പ്രദേശത്ത് 1.5 മീറ്റര്‍ വരെ ഉയരമുള്ള തിരമാലകള്‍ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം അറിയിച്ചു.

നിര്‍മാണത്തൊഴിലാളികള്‍ രാവിലെയും വൈകീട്ടുമായി ജോലിസമയം ക്രമീകരിക്കണം. സര്‍ക്കാര്‍ ഓഫിസുകളിലും പൊതു ഇടങ്ങളിലും കുടിവെള്ളം ഉറപ്പാക്കുന്നതിനൊപ്പം ജനങ്ങള്‍ക്ക് ബോധവല്‍ക്കരണവും നല്‍കും. ആശുപത്രികളില്‍ നിര്‍ജലീകരണത്തിനും സൂര്യാഘാതത്തിനും ചികില്‍സ തേടിയെത്തുന്നവര്‍ക്ക് മികച്ച പരിചരണം ഉറപ്പാക്കണമെന്നും വിവിധ ജില്ലാ കലക്ടര്‍മാരുടെ നിര്‍ദേശമുണ്ട്. സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് പ്രതിരോധം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button