kerala

കണ്ടാല്‍ ഒരുപോലെ; ഹാള്‍ടിക്കറ്റ് നോക്കിയിട്ടും സംശയമില്ല; കണക്കുകൂട്ടല്‍ തെറ്റിച്ചത് പുതിയ മാറ്റം

തിരുവനന്തപുരം പൂജപ്പുരയില്‍ പി.എസ്.സി പരീക്ഷയിലെ ആള്‍മാറാട്ടശ്രമത്തില്‍ പ്രതികള്‍ കീഴടങ്ങിയതോടെ തട്ടിപ്പിന്റെ ചിത്രം തെളിഞ്ഞു. നേമം, ശാന്തിവിള സ്വദേശികളായ സഹോദരങ്ങളാണ് ആള്‍മാറാട്ടം നടത്തിയത്. ചേട്ടന്റെ പേരില്‍ അനുജന്‍ പരീക്ഷയെഴുതാനെത്തിയതാണ് ബയോമെട്രിക് പരിശോധനക്കിടെ പിടികൂടിയത്. ചേട്ടനായ അമല്‍ജിത്തായിരുന്നു യൂണിവേഴ്സിറ്റി ലാസ്റ്റ് ഗ്രേഡ് സെര്‍വന്റ്സ് പരീക്ഷ എഴുതേണ്ടത്. എന്നാല്‍ അമല്‍ജിത്ത് എന്ന വ്യാജേന പരീക്ഷ എഴുതാനെത്തിയത് അനുജനായ അഖില്‍ജിത്ത്. സഹോദരങ്ങളുടെ കണ്ടാല്‍ ഒരുപോലെ ഇരിക്കുന്നതിനാല്‍ ഹാള്‍ടിക്കറ്റും ഫോട്ടോയും ഒക്കെ പരിശോധിച്ചവര്‍ക്ക് സംശയമൊന്നും തോന്നിയില്ല.

എന്നാല്‍ പി.എസ്.സി ആദ്യമായി നടപ്പാക്കിയ ബയോമെട്രിക് പരിശോധന സഹോദരങ്ങളുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു. വിരലടയാളം പരിശോധിച്ചാല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ അഖില്‍ജിത്ത് ഹാളില്‍ നിന്ന് ഇറങ്ങിയോടി. പിന്നീട് ചേട്ടനെയും കൂട്ടി ഒളിവില്‍ പോവുകയും ചെയ്തു. രണ്ട് ദിവസം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് വെളിയാഴ്ച ഉച്ചക്ക് ശേഷം വഞ്ചിയൂരിലെ കോടതിയിലെത്തി കീഴടങ്ങിയത്. പൊലീസിന് ചോദ്യം ചെയ്യാന്‍ സാധിക്കും മുന്‍പ് റിമാന്‍ഡ് ചെയ്തു. അതിനാല്‍ ഇനി കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്താല്‍ മാത്രമേ മറ്റ് പരീക്ഷകളിലേതിലെങ്കിലും തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങളില്‍ വ്യക്തതയാവു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button