‘ഫര്‍ഹാനയും സിദ്ദീഖും പരിചയപ്പെട്ടത് റെയിൽവേ സ്റ്റേഷനിൽ വെച്ച്; ഷിബിലിക്കു പരിചയപ്പെടുത്തിയതും യുവതി’

കോഴിക്കോട് കൊല്ലപ്പെട്ട വ്യാപാരി സിദ്ദീഖിനെ ഫർഹാനയാണു ഷിബിലിക്കു പരിചയപ്പെടുത്തിയതെന്ന് ഫർഹാനയുടെ മാതാവ് ഫാത്തിമ. ജോലിയെന്ന ആവശ്യം നിരന്തരം പറഞ്ഞത് കൊണ്ടാണ് മകള്‍ സഹായിച്ചത്. ഫർഹാനയെ കോഴിക്കോട്ടേക്കു വിളിച്ചു വരുത്തിയതു സിദ്ദീഖിന്റെ നിർദേശപ്രകാരം ഷിബിലിയാണെന്നും ഫാത്തിമ മനോരമ ന്യൂസിനോട് പറഞ്ഞു. സിദ്ദീഖിനെ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഫർഹാന പരിചയപ്പെട്ടത്. ചെന്നൈയിൽ ജോലി ചെയ്തിരുന്ന ഷിബിലിയെ സ്റ്റേഷനിൽ കാത്തു നിൽക്കുന്ന സമയത്തായിരുന്നു കൂടിക്കാഴ്ച. റെയിൽവേ സ്റ്റേഷൻ ഏതെന്നു മകള്‍ പറഞ്ഞിട്ടില്ല.
ഷിബിലിക്കു കോഴിക്കോട്ട് സിദ്ദീഖിന്റെ സ്ഥാപനത്തിൽ ജോലി തരപ്പെടുത്തിയത് ഫർഹാനയാണ്. എന്തെങ്കിലും ഒരു ജോലി കിട്ടട്ടെയെന്ന് കരുതിയാണ് ഷിബിലിയെ സിദ്ദീഖിന് പരിചയപ്പെടുത്തിയത്. അങ്ങനെയെങ്കില്‍ വന്നോട്ടെയെന്ന് പറഞ്ഞ് ജോലി നല്‍കിയതാണ് സിദ്ദീഖ്.
സമൂഹ മാധ്യമം വഴി പരിചയപ്പെട്ട ഫർഹാനയും ഷിബിലിയും വർഷങ്ങളായി അടുപ്പത്തിലാണ്. കുടുംബത്തിനെ എതിർപ്പിനെ തുടർന്ന് ആദ്യ ഘട്ടത്തിൽ പിൻമാറിയെങ്കിലും പിന്നീട് വീണ്ടും അടുപ്പത്തിലായി. ഷിബിലിയുടെ ഭീഷണിയെ തുടർന്നാണിതെന്നും ഫാത്തിമ ആരോപിച്ചു. ഷിബിലിയെ വിവാഹം കഴിക്കണമെന്ന് മകള്‍ പറഞ്ഞപ്പോള്‍ താന്‍ വിലക്കിയെന്ന് പിതാവ് വീരാന്‍കുട്ടി പറഞ്ഞു. ഷിബിലി തട്ടിപ്പുകാരനെന്ന കാര്യം പലഘട്ടങ്ങളില്‍ മകളെ ഓര്‍മപ്പെടുത്തിയിരുന്നതാണ്. ഷിബിലിയെ സഹായിച്ചതിന്റെ പേരിലാണ് ഫര്‍സാന പലപ്പോഴും ആരോപണം നേരിടേണ്ടി വന്നതെന്നും കുടുംബം പറഞ്ഞു.
