ഒരേ പർവതത്തിൽ കുടുങ്ങി, യുവാവിനെ റെസ്ക്യൂ ടീം രക്ഷിച്ചത് രണ്ട് തവണ, രണ്ടാമത് പോയത് ഫോൺ തിരികെയെടുക്കാൻ

ജപ്പാനിലെ ഏറ്റവും ഉയരം കൂടിയ പർവ്വതമാണ് ഫുജി പർവ്വതം. 3776.24 മീറ്ററാണ് ഇതിന്റെ ഉയരം. ഇവിടെ കുടുങ്ങിപ്പോയ ഒരു ചൈനീസ് യുവാവിനെ രണ്ട് തവണയാണ് രക്ഷിക്കേണ്ടി വന്നത്. ആദ്യം വന്നപ്പോൾ ഇവിടെ വച്ചിട്ടുപോയ തന്റെ ഫോൺ തിരികെ എടുക്കുന്നതിനായിട്ടാണ് യുവാവ് രണ്ടാം തവണ ഇവിടെ എത്തിയത്. എന്നാൽ, രണ്ട് തവണയും ഇയാൾ ഇവിടെ കുടുങ്ങിപ്പോവുകയായിരുന്നത്രെ. 27 -കാരനായ യുവാവിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. ജപ്പാനിൽ താമസിച്ച് ഇവിടെ ഒരു സർവകലാശാലയിൽ പഠിക്കുകയായിരുന്നു ഇയാൾ. സീസണല്ലാത്ത സമയത്താണ് രാജ്യത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ഫുജി കയറാൻ ആദ്യമായി ഇയാൾ തീരുമാനിച്ചത് എന്ന് ദി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നത്. ആദ്യത്തെ സന്ദർശനത്തിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,000 മീറ്റർ ഉയരത്തിൽ നിൽക്കുന്ന ഷിസുവോക്ക പ്രിഫെക്ചർ പർവതനിരയിലെ ഫുജിനോമിയ പാതയിലൂടെ പോകുമ്പോഴാണ് ഇയാളെ ആദ്യമായി എയർലിഫ്റ്റ് ചെയ്തത്. എന്നാൽ, അന്ന് ഇയാളുടെ ഫോൺ അടക്കമുള്ള ചില വസ്തുക്കൾ ഇവിടെ ആയിപ്പോയി. അത് എടുക്കുന്നതിന് വേണ്ടി നാല് ദിവസത്തിന് ശേഷം ഇയാൾ വീണ്ടും ഇവിടെ എത്തുകയായിരുന്നു. അങ്ങനെ രണ്ടാമത്തെ തവണയും ഇയാളെ ഇവിടെ നിന്നും രക്ഷിക്കേണ്ടി വരികയായിരുന്നത്രെ. ഇയാൾ തന്റെ ഫോൺ തിരികെ എടുത്ത ശേഷമാണോ രക്ഷിക്കേണ്ടി വന്നത് എന്ന് വ്യക്തമല്ല. എന്തായാലും, നേരത്തെ തങ്ങൾ ഇവിടെ നിന്നും രക്ഷിച്ച യുവാവിനെ തന്നെയാണ് രണ്ടാമതും രക്ഷപ്പെടുത്തേണ്ടി വന്നത് എന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഷിസുവോക്ക പ്രിഫെക്ചറൽ പൊലീസിന്റെ മൗണ്ടയിൻ റെസ്ക്യൂ ഓഫീസർമാർ യുവാവിനെ ഒരു സ്ട്രെച്ചറിൽ തിരികെ കൊണ്ടുവന്ന് അഗ്നിശമന സേനയ്ക്ക് കൈമാറുകയായിരുന്നു. ഇയാളെ പിന്നീട് ആശുപത്രിയിൽ എത്തിച്ചു.
