Sports

ഗവാസ്കറിന്‍റെ റെക്കോഡുകൾ തകർത്തെറിഞ്ഞ് ഗില്ലിന്‍റെ കുതിപ്പ്; 47 വർഷം പഴക്കമുള്ള ആ റെക്കോഡും മറികടന്നു…

ലണ്ടൻ: ക്യാപ്റ്റനായുള്ള അരങ്ങേറ്റ പരമ്പരയിൽ തന്നെ റെക്കോഡുകൾ പഴങ്കഥയാക്കി മിന്നും ഫോമിൽ ബാറ്റുവീശുകയാണ് ശുഭ്മൻ ഗിൽ. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഓട്ടനവധി റെക്കോഡുകളാണ് താരം ഇതിനകം സ്വന്തം പേരിലാക്കിയത്. ഓവലിലെ അഞ്ചാം ടെസ്റ്റിന്‍റെ ആദ്യ ദിനത്തിലും ബാറ്റിങ്ങിനിറങ്ങിയ താരം പുതിയൊരു റെക്കോഡ് കൂടി കുറിച്ചു. ഒരു ടെസ്റ്റ് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ നായകനെന്ന നേട്ടമാണ് ഗില്‍ സ്വന്തമാക്കിയത്. 47 വർഷം പഴക്കമുള്ള മുൻ ബാറ്റിങ് ഇതിഹാസം സുനില്‍ ഗാവസ്‌കറിന്റെ റെക്കോഡാണ് ഗില്‍ മറികടന്നത്. 1978-79ല്‍ വെസ്റ്റിൻഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അന്നത്തെ ഇന്ത്യൻ നായകനായിരുന്ന ഗാവസ്‌കര്‍ 732 റണ്‍സാണ് അടിച്ചെടുത്തത്. 11 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെയാണ് ഗില്‍ ചരിത്രനേട്ടത്തിലെത്തിയത്. ജാമീ ഓവർട്ടൺ എറിഞ്ഞ പന്ത് ബൗണ്ടറി കടത്തിയാണ് താരം 733ൽ എത്തിയത്. നിലവിൽ മഴമൂലം മത്സരം തടസ്സപ്പെട്ടിരിക്കുകയാണ്. 23 പന്തിൽ 15 റൺസെടുത്ത് ഗില്ലും 67 പന്തിൽ 25 റൺസെടുത്ത് സായി സുദർശനുമാണ് ക്രീസിലുള്ളത്. 89 റണ്‍സുകൂടി നേടിയാല്‍ മറ്റൊരു റെക്കോഡു കൂടി ഗില്ലിനെ കാത്തിരിക്കുന്നുണ്ട്. സാക്ഷാൽ ഡോൺ ബ്രാഡ്മാനെ മറികടന്ന് ഒരു ടെസ്റ്റ് പരമ്പരയില്‍ കൂടുതല്‍ റണ്‍സ് നേടുന്ന ലോക ക്രിക്കറ്റിലെ ക്യാപ്റ്റനെന്ന റെക്കോഡ് ഗില്ലിന് സ്വന്തമാകും. 1936-37 കാലത്ത് ഇംഗ്ലണ്ടിനെതിരെ ബ്രാഡ്മാൻ 810 റണ്‍സ് നേടിയിരുന്നു. ഒരു ഉഭയകക്ഷി ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ഇന്ത്യൻ താരമെന്ന റെക്കോഡിലേക്ക് ഗില്ലിന് 38 റൺസിന്‍റെ ദൂരം മാത്രമാണുള്ളത്. ഗവാസ്കറിനെ തന്നെയാണ് താരം മറികടക്കുക. 1971ൽ തന്‍റെ അരങ്ങേറ്റ പരമ്പരയിൽ ഗവാസ്കർ വിൻഡീസിനെതിരെ 774 റൺസ് നേടിയിരുന്നു. നാലു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ നാലു സെഞ്ച്വറികളും മൂന്നു അർധ സെഞ്ച്വറികളുമാണ് അന്ന് ഗവാസ്കാർ നേടിയത്. 154.80 ആണ് ശരാശരി. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 737 റൺസാണ് ഗിൽ ഇതുവരെ നേടിയത്. ഓവല്‍ ടെസ്റ്റില്‍ ഒരു സെഞ്ച്വറി കൂടി നേടിയാല്‍ ഒരു പരമ്പരയില്‍ കൂടുതല്‍ സെഞ്ച്വറി നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡിനൊപ്പം ഗില്‍ എത്തും. വെസ്റ്റിൻഡീസിന്‍റെ ക്ലൈഡ് വാല്‍ക്കോട്ടിന്റെ പേരിലാണ് നിലവിലെ റെക്കോഡ്. 1955ല്‍ ആസ്ട്രേലിയക്കെതിരായ പരമ്പരയില്‍ അഞ്ചു സെഞ്ച്വറികളാണ് വാല്‍ക്കോട്ട് നേടിയത്. നാലു സെഞ്ച്വറികളുമായി ഗാവസ്‌ക്കര്‍ (1978-79), ബ്രാഡ്മാന്‍ (1947-48) എന്നിവരുടെ റെക്കോഡിനൊപ്പം ഗിൽ എത്തിയിരുന്നു. പരമ്പര സമനിലയിൽ അവസാനിപ്പിക്കാൻ ജയം അനിവാര്യമായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ രണ്ടിന് 72 റൺസെന്ന നിലയിലാണ്. ഇന്നിങ്സിന്‍റെ തുടക്കത്തിൽ തന്നെ ജയ്സ്വാളിനെ ഇന്ത്യക്ക് നഷ്ടായി. രണ്ട് റണ്‍സെടുത്ത താരത്തെ ഗസ് അറ്റ്കിന്‍സണ്‍ എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കി. ടീം സ്‌കോര്‍ 38ല്‍ നില്‍ക്കേ രാഹുലും മടങ്ങി. 14 റണ്‍സെടുത്ത രാഹുലിനെ ക്രിസ് വോക്സ് ബൗൾഡാക്കി. നേരത്തെ, ടോസ് നേടിയ ഇംഗ്ലീഷ് നായകൻ ഓലീ പോപ്പ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. നാല് മാറ്റങ്ങളോടെയാണ് ഇന്ത്യ കളിക്കുന്നത്. പരിക്കേറ്റ ഋഷഭ് പന്ത്, ഷാര്‍ദുല്‍ ഠാക്കൂര്‍, ജസ്പ്രീത് ബുംറ, അന്‍ഷുള്‍ കാംബോജ് എന്നിവര്‍ കളിക്കുന്നില്ല. പകരം കരുണ്‍ നായര്‍, പ്രസിദ്ധ് കൃഷ്ണ, ധ്രുവ് ജുറല്‍, ആകാശ് ദീപ് എന്നിവർ പ്ലെയിങ് ഇലവനിലെത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button