
തൃശൂര്‍: ചാലക്കുടിയിലെ ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റില്‍നിന്നും സ്ഥിരമായി മദ്യം മോഷ്ടിക്കുന്നയാളെ ജീവനക്കാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ആളൂര്‍ തുരുത്തിപ്പറമ്പ് കാക്കുന്നിപറമ്പില്‍ മോഹന്‍ദാസ് (45) ആണ് പിടിയിലായത്. പോട്ട പഴയ ദേശീയപാതയ്ക്ക് സമീപം പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട്‌ലെറ്റിലെ പ്രീമിയം കൗണ്ടറില്‍ നിന്നാണ് മദ്യം മോഷ്ടിച്ചത്. പലതവണകളായി ഇയാൾ അഞ്ച് ലിറ്ററോളം മദ്യം കടത്തിയിരുന്നു. കുറച്ച് നാളുകളായി പ്രീമിയം കൗണ്ടറില്‍ സ്റ്റോക്ക് കുറയുന്നതായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്ന് നിരീക്ഷണ കാമറ പരിശോധിച്ച ജീവനക്കാര്‍ക്ക് മുണ്ടുടുത്ത് വരുന്ന മോഹന്‍ദാസിനെ സംശയം തോന്നി. ഇക്കഴിഞ്ഞ ഒമ്പതിന് ഇയാളെ തിരിച്ചറിയുകയും ചെയ്തു. കഴിഞ്ഞ ദിവസം നാല് തവണയാണ് പ്രതി പ്രീമിയം കൗണ്ടറിലെത്തിയത്. അര ലിറ്ററിന്റെ കുപ്പി മുണ്ടില്‍ ഒളിപ്പിച്ച് വയ്ക്കുന്നത് കണ്ട ജീവനക്കാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. അര ലിറ്ററിന്റെ മുന്തിയ ഇനം മദ്യം റാക്കില്‍നിന്നെടുത്ത് ആരുമറിയാതെ മുണ്ടിനുള്ളില്‍ ഒളിപ്പിച്ച് വയ്ക്കുകയും പിന്നീട് വിലകുറഞ്ഞ ബിയര്‍ കുപ്പിയെടുത്ത് പണം നല്കി പോവുകയാണ് ഇയാളുടെ രീതി.
