1,067 കിലോ മീറ്റർ താണ്ടി മിടിക്കുന്ന ഹൃദയമെത്തി; 59കാരിയ്ക്ക് പുതുജീവൻ, ദില്ലിയിൽ സിനിമയെ വെല്ലും രംഗങ്ങൾ
ദില്ലി: ഹൃദയം മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിലൂടെ 59കാരിയ്ക്ക് പുതുജീവൻ. രാജ്യ തലസ്ഥാനമായ ദില്ലിയിലെ ഇന്ദിരാ ഗാന്ധി ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് ഫോർട്ടിസ് എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് ഗ്രീൻ കോറിഡോറിലൂടെയാണ് ഹൃദയം എത്തിച്ചത്. നിർണായകമായ അവസാന 20 കിലോ മീറ്റർ ദൂരം വെറും 27 മിനിട്ടിനുള്ളിൽ താണ്ടിയാണ് ഹൃദയം ഫോർട്ടിസ് എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേയ്ക്ക് എത്തിയത്. ഡൈലേറ്റഡ് കാർഡിയോമയോപ്പതി എന്ന രോഗം ബാധിച്ച 59കാരിയാണ് ഹൃദയം സ്വീകരിച്ചത്. ഹൃദയ പേശികളെ വലുതാക്കാനും ദുർബലമാക്കാനും കാരണമാകുന്ന രോഗമാണ് ഡൈലേറ്റഡ് കാർഡിയോമയോപ്പതി. ഇത് ശരീരത്തിലുടനീളം രക്തം പമ്പ് ചെയ്യുന്നത് ഹൃദയത്തിന് ബുദ്ധിമുട്ടുണ്ടാക്കും. കഴിഞ്ഞ വർഷം പേസ് മേക്കർ നൽകിയിട്ടും രോഗിയുടെ നില വഷളായതായി ഡോക്ടർമാർ പറഞ്ഞു. ഇതോടെയാണ് ഹൃദയം മാറ്റിവെയ്ക്കൽ എന്നത് ഏക പ്രതീക്ഷയായി മാറിയത്. നാഗ്പൂരിൽ നിന്നാണ് ഹൃദയം ദില്ലിയിലേയ്ക്ക് എത്തിക്കാനുള്ള ദൗത്യം ആരംഭിച്ചത്. മസ്തിഷ്‌കാഘാതത്തെ തുടർന്ന് മരിച്ച നാഗ്പൂർ സ്വദേശിയായ 43കാരൻ്റേതാണ് ഹൃദയം. നാഗ്പൂരിലെ കിംഗ്‌സ്‌വേ ഹോസ്പിറ്റലിൽ നിന്ന് പുലർച്ചെ 12.53-നാണ് ദൗത്യം ആരംഭിച്ചത്. എയർ ആംബുലൻസ് വഴി പുലർച്ചെ 3.19ന് ഹൃദയം ദില്ലി വിമാനത്താവളത്തിൽ എത്തിച്ചു. 1,067 കിലോ മീറ്ററിലധികം ദൂരമാണ് ഇതിന് വേണ്ടി സഞ്ചരിച്ചത്. ദില്ലി വിമാനത്താവളത്തിൽ നിന്ന് ഫോർട്ടിസ് എസ്കോർട്ട്സ് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ടിലേക്കുള്ള 20 കിലോ മീറ്റർ ദൂരം വെറും 27 മിനിട്ടുകൊണ്ട് സഞ്ചരിച്ച് 3.57-ഓടെ ഹൃദയം എത്തിക്കാനായി. മെഡിക്കൽ ടീമും അധികാരികളും തമ്മിലുള്ള ഏകോപനം ദൗത്യത്തിൽ നിർണായകമായി.