Kerala
അവശത കാരണം വെള്ളത്തിൽ നിലയുറപ്പിച്ചത് 12 മണിക്കൂർ; പത്തനംതിട്ടയിൽ ചരിഞ്ഞത് ഗർഭിണിയായ കാട്ടാന

പത്തനംതിട്ട: കൊക്കാത്തോട്ടിൽ ചരിഞ്ഞ കാട്ടാന ഗർഭിണിയായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തൽ. ഗർഭപാത്രം തകർന്ന് കുട്ടി ഉള്ളിൽ വീണ അവസ്ഥയിൽ ആയിരുന്നു. ശാരീരിക പ്രയാസങ്ങളെ തുടർന്ന് കഴിഞ്ഞ ദിവസം പിടിയാന കല്ലാറിലെ വെള്ളത്തിൽ 12 മണിക്കൂർ വരെ നിലയുറപ്പിച്ചിരുന്നു. ഇന്നലെ രാവിലെയാണ് ആനയെ ഉൾവനത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ജഡം വനമേഖലയിൽ തന്നെ മറവു ചെയ്തു. ഇന്നലെ പിടിയാനയ്ക്കൊപ്പം കുട്ടിയാനയും കല്ലാറിൽ നിലയുറപ്പിച്ചിരുന്നു. പിന്നീട് വനം വകുപ്പ് കാടുകയറ്റുകയായിരുന്നു. ആനയ്ക്ക് 35 വയസ്സ് പ്രായം വരുമെന്ന് വനം വകുപ്പ് അറിയിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഇന്നലെ ആനകൾ കാടു കയറിയത്. പ്രദേശവാസികൾ കല്ലാറിന്റെ ഭാഗത്തേക്ക് പോകരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിരുന്നു. പക്ഷേ പിന്നീട് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
