

ബംഗളൂരു: 13കാരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ബംഗളൂരുവിലെ അരേകരെ സ്വദേശിയും ക്രൈസ്റ്റ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയുമായ നിശ്ചിതാണ് കൊല്ലപ്പെട്ടത്. കുട്ടിയെ തിരിച്ചുകിട്ടാൻ അഞ്ച് ലക്ഷംരൂപ ആവശ്യപ്പെട്ട് പിതാവിന് ഫോൾകാൾ ലഭിച്ചിരുന്നു. വിവരം പൊലീസിൽ അറിയിച്ചതോടെ കൊലപ്പെടുത്തുകയായിരുന്നു. പൊലീസിന്‍റെ അന്വേഷണത്തിനൊടുവിൽ കഗ്ഗലിപുര റോഡിനു സമീപം കത്തിച്ച് ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിൽ ഗുരുമൂർത്തി, ഗോപാൽ കൃഷ്ണ എന്നിങ്ങനെ രണ്ട് പ്രതികളെ പൊലീസ് ഏറ്റുമുട്ടലിലൂടെ പിടികൂടി. പൊലീസുമായി ഏറ്റുമുട്ടിയ പ്രതികളെ കാലിൽ വെടിവെച്ചാണ് പിടികൂടിയത്. ഗുരുമൂർത്തിക്ക് ഇരുകാലുകളിലും ഗോപാൽകൃഷ്ണക്ക് ഒരു കാലിലുമാണ് വെടിയേറ്റത്. സ്വയരക്ഷക്കായി ആറു റൗണ്ട് വെടിയുതിർത്തെന്ന് പൊലീസ് അറിയിച്ചു. സ്വകാര്യ കോളജിൽ അധ്യാപകനായ ജെ.സി അജിത്തിന്‍റെ മകനാണ് കൊല്ലപ്പെട്ട നിശ്ചിതിന്‍റെ പിതാവ്. കുട്ടിയുടെ കുടുംബ പശ്ചാത്തലം അറിഞ്ഞ് പ്രതികൾ തട്ടിക്കൊട്ടുപോകുകയും മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. അറസ്റ്റിലായ ഗുരുമൂർത്തി അജിത്തിന്‍റെ ഡ്രൈവറായി ഇടയ്ക്ക് ജോലിചെയ്തിരുന്നു. ഇയാളാണ് കുറ്റകൃത്യത്തിന്‍റെ സൂത്രധാരനെന്ന് കുടുംബവുമായി അടുപ്പമുള്ളവർ പറഞ്ഞു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.